തൃത്താല :ഗസലും പ്രണയ സാന്ദ്രമായ ചലച്ചിത്ര ഗാനങ്ങളും ഭാവഗീതങ്ങളുമൊക്കെ കോർത്തിണക്കി അലോഷി ആഡംസ് ഒരുക്കിയ സംഗീത മഴയിൽ നനഞ്ഞ് സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന്റെ കലാ സാംസ്കാരിക പരിപാടികൾക്ക് അതി ഗംഭീര തുടക്കം.
തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ പുഴയോരത്തെ മനോഹരമായ വേദിയിൽ അലോഷി പാടിയപ്പോൾ നിളയോളങ്ങളും പാട്ടു കേൾക്കാൻ ഒഴുകിയെത്തിയ നൂറു കണക്കിന് ആസ്വാദകരും ഒരുമിച്ച് താളമിട്ടു. കയ്യടിച്ചും ഒപ്പം പാടിയുമൊക്കെ സദസ്സും ഗായകനൊപ്പം ചേർന്നപ്പോൾ സംഗീത സന്ധ്യ ഒരു മെഹ്ഫിൽ ആയി മാറി.
കണ്ണിൽ കണ്ണിൽ നോക്കുന്ന പ്രണയത്തിന്റെ കഥ പറഞ്ഞ് പതിഞ്ഞ താളത്തിൽ തുടങ്ങിയ സംഗീത വിരുന്നിൽ ബാബുരാജും മുഹമ്മദ് റഫിയും ജോൺസണും ജോബ് മാസ്റ്ററുമെല്ലാം ഈണവും താളവുമായി എത്തി.
രാത്രി ഏറെ വൈകി അവസാനിച്ച സംഗീത പരിപാടിയുടെ സമാപനം വരെയും നിറഞ്ഞ സദസ്സ് അലോഷിക്കും സംഘത്തിനും പ്രോത്സാഹനവുമായി കൂടെയുണ്ടായിരുന്നു.