കൂറ്റനാട്: എളവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂരം വർണപ്പൊലിമയോടെ ആഘോഷിച്ചു. ദേവസ്വം പൂരവും വിവിധ ദേശങ്ങളിൽനിന്ന് ഒഴുകിയെത്തിയ 10 ഉപകമ്മിറ്റികളുടെ പൂരവും ചേർന്നപ്പോൾ ദേശം ആഘോഷത്തിമിർപ്പിലായി.
രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് അഞ്ചുമണിയോടെ ദേവസ്വത്തിന്റെ ആന, പഞ്ചവാദ്യം സമേതം എഴുന്നള്ളിപ്പ് എന്നിവയുണ്ടായി. നാടൻ കലകളും പൂതൻ, തിറ, താളമേളവാദ്യങ്ങളുമെല്ലാം ഒരുമിച്ചതോടെ പകൽപ്പൂരം വിസ്മയക്കാഴ്ചയായി.
നന്ദിയംകോട് ദേശം പൂരാഘോഷക്കമ്മിറ്റിയുടെ ആന, പഞ്ചവാദ്യം, കോമംഗലം നവയുഗ പൂരാഘോഷക്കമ്മിറ്റിയുടെ ആന, മേളം, ആട്ടം എന്നിവ പകിട്ടേകി.
കുന്നത്ത് ഉത്സവസംഘം, മൈത്രി ഉല്ലാസ് നഗർ എന്നിവരും ആനയും പഞ്ചവാദ്യവും സമേതം എഴുന്നള്ളിപ്പിൽ പങ്കാളികളായി. എളവാതുക്കൽ യൂത്ത് വിങ്ങിന്റെ പാലത്തറ മേളം, ആന, നാടകം എന്നിവയും മിഴിവേകി.
കൂറ്റനാട് സെന്റർ കമ്മിറ്റിയുടെ തിറ-പൂതൻ, പിലാക്കിട്ടിരി റോഡ് കിങ് ഓഫ് കിങ്ങ്സിന്റെ തകിൽ, നാദസ്വരം എന്നിവയും തിരുത്തിപ്പാറ പള്ളിയാലിൽ പൂരാഘോഷക്കമ്മിറ്റിയുടെ തകിൽ, നാദസ്വരം, കാവടിയാട്ടം എന്നിവയും ആഘോഷത്തിന് മാറ്റുകൂട്ടി. വലിയപറമ്പ് കളിയാട്ടം കമ്മിറ്റിയുടെ ചെണ്ടമേളം, കോമംഗലം യുവധ്വനിയുടെ തകിൽ, നാദസ്വരം, കാള എന്നിവയും വർണാഭമായി.
ചെറുപൂരങ്ങൾ ക്ഷേത്രാങ്കണത്തിലെത്തിയതോടെ രാത്രി ഒമ്പതുമണിയോടെ 14 ആനകളുടെ കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. വെടിക്കെട്ടുമുണ്ടായി