ലോക റേഡിയോ ദിനമാഘോഷിക്കുന്ന വേളയിൽ നാടിനഭിമാനമാവുകയാണ് ഗവൺമെന്റ് ഹൈസ്ക്കൂൾ കൂടല്ലൂരിലെ വിദ്യാർഥികളുടെ റേഡിയോ ക്ലബായ റേഡിയോ കൂടല്ലൂർ . പൊതു വിദ്യാലയ മേഖലയിൽ കഴിഞ്ഞ വർഷം നടപ്പിലാക്കിയ മികച്ച അക്കാദമിക പ്രവർത്തനമായി റേഡിയോ കൂടല്ലൂർ തെരഞ്ഞെടുക്കപ്പെട്ടു.
വിവിധ വിഭാഗങ്ങളിലായി സംസ്ഥാനത്തെ മുപ്പതു വിദ്യാലയങ്ങളാണ് മികവ് പുരസ്കാരം നേടിയത്. ഇതിൽ മൂന്ന് വിദ്യാലയങ്ങൾ പാലക്കാട് ജില്ലയിൽ നിന്നാണ്. ജി.എച്ച്.എസ് കൂടല്ലൂർ, ജി.എച്ച്.എസ്.എസ് മാരായമംഗലം, ഗവൺമെൻറ് മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പാലക്കാട് എന്നിവയാണ് പാലക്കാട് ജില്ലയിൽ നിന്നും പുരസ്കാരത്തിന് അർഹരായത്.
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയാണ് (എസ്.സി.ഇ.ആർ.ടി) പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മികവ് പുരസ്കാരം സീസൺ നാലിൽ കേരളത്തിലെ അപ്പർ പ്രൈമറി വിദ്യാലയങ്ങളിലെ ഏറ്റവും മികച്ച റേഡിയോ പ്രവർത്തനമാണ് റേഡിയോ കൂടല്ലൂർ.
നൂറ്റമ്പതിലധികം വിദ്യാർഥികൾ വാർത്താ അവതാരകരായി എത്തിയതാണ് റേഡിയോ കൂടല്ലൂരിന്റെ സവിശേഷത. കഴിഞ്ഞ വർഷം തുടർച്ചയായി മുന്നൂറു ദിവസം റേഡിയോ കൂടല്ലൂരിൽ വാർത്തകൾ അവതരിപ്പിച്ചു.വിവിധ ഭാഷകളിലുള്ള വാർത്തകൾക്ക് പുറമെ സർഗ്ഗവേള, ഗസ്റ്റ് ടോക്ക്, അമ്മ വായന, ദിന സന്ദേശം തുടങ്ങിയ പരിപാടികൾ റേഡിയോ കൂടല്ലൂർ സംപ്രേഷണം ചെയ്യുന്നുണ്ട്.
മികവ് പ്രവർത്തനങ്ങൾ ഡിജിറ്റൽ ഡോക്യുമെന്റ് ചെയ്യുന്നതിനുള്ള വിദ്യാഭ്യാസ വിദഗ്ധർ ഉൾപ്പെട്ട അക്കാദമിക സംഘം ഫെബ്രുവരി ആദ്യവാരം സ്കൂളിലെത്തി റേഡിയോ കൂടല്ലൂരിന്റെ പ്രവർത്തനങ്ങൾ വീഡിയോയിൽ പകർത്തി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഷാഗൂൺ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണ്ടതിനാൽ മലയാളത്തിനു പുറമെ ഇംഗ്ലീഷ് ഭാഷയിലും വീഡിയോ ഡോക്യുമെന്റ് തയ്യാറാക്കി.
മികവ് പുരസ്കാരം നേടിയ റേഡിയോ കൂടല്ലൂർ ക്ലബംഗങ്ങൾക്കുള്ള ആദരവും റേഡിയോ കൂടല്ലൂരിന്റെ നാലാം വാർഷികാഘോഷവും ലോക റേഡിയോ ദിനത്തിൽ കൂടല്ലൂർ സ്കൂളിൽ വെച്ച് നടക്കും.