പാലക്കാട്:പത്ത് വർഷം മുമ്പ് പട്ടാമ്പി പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് പുഴ മധ്യത്തിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തിൽ കത്തികൊണ്ട് വെട്ടിയും വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ചും കൊന്ന ശേഷം ശിരസ്സ് അറുത്തു മാറ്റിയ സംഭവമായിരുന്നു അത്.
പ്രസ്തുത കേസിലെ പ്രതികളായ മൂന്ന് ബംഗാൾ സ്വദേശികൾക്കാണ് പാലക്കാട് കോടതി ഇരട്ട ജീവപര്യന്തവും 1.45 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
ബംഗാൾ സ്വദേശി ഇബ്രാഹിമിനെയാണ് (കൊക്കൂൺ -34) സുഹൃത്തുക്കൾ ക്രൂരമായി കൊലപ്പെടുത്തിയത്. കേസിൽ ബംഗാൾ ബർദാൻ ജില്ല സ്വദേശികളായ റഫീഖ് സേക്ക് (46), ജിക്രിയ മാലിക് (അലീം - 37), യാക്കൂബ് സേക്ക് (63) എന്നിവരെയാണ് ശിക്ഷിച്ചത്.
അഡീഷനൽ ജില്ലാ കോടതി (രണ്ട്) ജഡ്ജി സ്മിത ജോർജ് ആണ് ശിക്ഷ വിധിച്ചത്. കേസിലെ നാലാം പ്രതി അനിസുർ റഹ്മാൻ സേക്ക് (കോച്ചി) ഒളിവിലാണ്. ഇയാൾക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
കൊലപാതകക്കുറ്റത്തിനു മൂന്ന് പേർക്കും ജീവപര്യന്തം തടവും 75,000 രൂപ വീതം പിഴയുമാണു ശിക്ഷ. ക്രിമിനൽ ഗൂഢാലോചനക്കുറ്റത്തിനു ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തെളിവു നശിപ്പിക്കലിന് 5 വർഷം തടവും 20,000 രൂപ വീതം പിഴയുമാണു ശിക്ഷ. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി.
2013 ഒക്ടോബർ 4ന് പുലർച്ചെയായിരുന്നു പുഴയിലെ കൊലപാതകം. ഒന്നാം പ്രതി റഫീഖ് സേക്കിന് ഇബ്രാഹിമിൻ്റെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്നതായും ഇതിനെ ചൊല്ലി തർക്കങ്ങളുണ്ടാവുകയും ഇബ്രാഹിം റഫീഖ് സേക്കിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇബ്രാഹിം തന്നെ കൊല്ലുമെന്ന് റഫീഖ് ഭയന്നു.
മണലെടുക്കാനെന്ന വ്യാജേന ഇബ്രാഹിമിനെ പുഴയിലേക്ക് വിളിച്ചു വരുത്തി റഫീഖും കൂട്ടുകാരും ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകം നടന്നു നാലാം ദിവസമാണ് ഉടൽ കണ്ടെത്തിയത്.
ഈ കേസിൽ നാല് പ്രതികളാണ് അറസ്റ്റിലായത്. പിടിയിലായ പ്രതി ജിക്രിയ മാലിക്കിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ചാമത്തെ ദിവസം തല കണ്ടെത്തിയത്.
ഇബ്രാഹിമിൻ്റെ നാട്ടുകാരും സഹപ്രവർത്തകരുമാണ് നാല് പേരും. പ്രധാന പ്രതി കാൽ ലക്ഷം രൂപ വീതം കൂലി വാഗ്ദാനം നൽകിയാണ് കൊല നടത്താൻ കൂടെ കൂട്ടിയത്. ഇബ്രാഹിമിന്റെ കഴുത്തു അറുത്തു മാറ്റിയ രീതി കണ്ട് പോലീസും, പോലിസ് സർജ്ജനും അന്ന് അത്ഭുതപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു.
കൊല്ലപ്പെട്ട ഇബ്രാഹിമും പ്രതികളും പട്ടാമ്പിയിൽ താമസിച്ചു വിവിധ ജോലികൾ ചെയ്യുകയായിരുന്നു. അന്നു പട്ടാമ്പി സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ.എം.ദേവസ്യയാണ് പ്രാഥമികാന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് സി.ഐ സണ്ണി ചാക്കോ തുടരന്വേഷണം നടത്തി. തുടർന്നു സി.ഐ എ.ജെ. ജോൺസണാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി മുൻ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.അരവിന്ദാക്ഷൻ, അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എം.മനോജ്കുമാർ എന്നിവർ ഹാജരായി.