വാട്സ്ആപ്പ് ഗ്രൂപ്പിൽ പുതിയ അപ്ഡേറ്റ്; ഇനി നമ്പറുകൾക്ക് പകരം യൂസർ നെയിം | KNews


 

വാട്സ്ആപ്പിൽ ഏതെങ്കിലും ഗ്രൂപ്പുകളിൽ അംഗങ്ങളായവരായിരിക്കും നമ്മൾ എല്ലാവരും. ഗ്രൂപ്പുകളിൽ ഏറെ നേരം ചിലവഴിക്കുന്നവർക്ക് ഉപകാരപ്പെടുന്ന പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. 

ഇനി മുതൽ നിങ്ങൾക്ക് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ഏതെങ്കിലും അജ്ഞാത കോൺടാക്റ്റിൽ നിന്ന് സന്ദേശം ലഭിച്ചാൽ ഫോൺ നമ്പറുകൾക്ക് പകരം അവരുടെ യൂസർ നെയിമുകൾ ആകും കാണാൻ സാധിക്കുക.

നിങ്ങളുടെ കോണടാക്ട് ലിസ്റ്റിൽ ഇല്ലാത്ത ആൾ ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ അയച്ചാൽ അവരുടെ നമ്പറുകൾ മാത്രമായിരുന്നു ഇതുവരെ ദൃശ്യമായിരുന്നത്. എന്നാൽ, ഇനി അവർ വാട്സ്ആപ്പിൽ ചേർക്കുന്ന യൂസർ നെയിമുകൾ ഗ്രൂപ്പിലെ അംഗങ്ങൾക്ക് കാണാൻ സാധിക്കും.

 ഗ്രുപ്പിലെ സന്ദേശങ്ങളുടെ നോട്ടിഫിക്കേഷനുകളിലും ഗ്രൂപ്പിലെ അംഗങ്ങളുടെ ലിസ്റ്റ് പരിശോധിക്കുമ്പോഴും അവരുടെ നമ്പറുകൾക്ക് പകരം പേര് തന്നെ കാണാൻ സാധിക്കും.

വാട്സ്ആപ്പിൽ വലിയ ഗ്രൂപ്പുകളിൽ അംഗങ്ങളായവർക്ക് പുതിയ അപ്ഡേറ്റ് ഏറെ ഉപകാരപ്പെടും. കാരണം ഒരുപാട് അംഗങ്ങളുള്ള ഗ്രൂപ്പുകളിൽ ആരാണ് സന്ദേശം അയച്ചതെന്ന് മനസിലാക്കാൻ ഇനി അവരുടെ കോൺടാക്ടുകൾ സേവ് ചെയ്യേണ്ടതില്ല.

 അതേസമയം സേവ് ചെയ്യാത്ത നമ്പറുകളോട് ചാറ്റ് ചെയ്യുമ്പോൾ അവരുടെ നമ്പറുകൾ തന്നെയാകും ദൃശ്യമാകുക. പുതിയ ഫീച്ചർ ഇപ്പോൾ വാട്സ്ആപ്പ് ബീറ്റ യൂസർമാർക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. മറ്റുള്ളവർക്ക് വൈകാതെ അപ്ഡേറ്റിലൂടെ ഫീച്ചർ ലഭിക്കും. 

Tags

Below Post Ad