ചാലിശ്ശേരി : സോക്കർ അസോസിയേഷൻ ഒരുക്കുന്ന അഖിലേന്ത്യാ സെവൻസ് ഫ്ളഡ്‌ലിറ്റ് ഫുട്‌ബോൾ മത്സരം മുലയംപറമ്പത്ത് ക്ഷേത്രമൈതാനിയിൽ ആരംഭിച്ചു. കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി കായികരംഗത്തും ജീവകാരുണ്യരംഗത്തും പ്രവർത്തിക്കുന്ന മാർവൽ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബും ഭിന്നശേഷി സഹോദരങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയും ചേർന്നാണ് സി.എസ്.എ. (ചാലിശ്ശേരി സോക്കേഴ്‌സ് അസോസിയേഷൻ) ഫുട്‌ബോൾ മേള സംഘടിപ്പിക്കുന്നത്.
ഒരുമാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ കേരളത്തിലെ ഇരുപത്തിയഞ്ചോളം ടീമുകൾ മത്സരിക്കും. ഫുട്ബോൾ താരം ഐ.എം.വിജയൻ മേള ഉദ്ഘാടനം ചെയ്തു.ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി,
ചെയർമാൻ വി.വി. ബാലകൃഷ്ണൻ, കൺവീനർ എം.എം. അഹമ്മദുണ്ണി, ജോ. കൺവീനർ ടി.കെ. സുനിൽകുമാർ, സജീഷ് കളത്തിൽ, പഞ്ചായത്ത് ബ്ലോക്ക് ജനപ്രതിനിധികൾ, സാമൂഹ്യ- രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ സംസാരിച്ചു.
കാൽപന്ത് കളിയിലൂടെ സ്വരൂപിക്കുന്ന ഫണ്ട് ഗ്രാമത്തിലെ കായിക പ്രവർത്തനങ്ങൾക്കും സഹയാത്ര ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് വിനിയോഗിക്കുന്നത്.
ഇന്ന് (23/4)സന്തോഷ് കുമരനെല്ലൂർ (ഉഷ എഫ്‌സി തൃശൂരും )സഫിയ ട്രാവൽസ് (ജവഹർ മാവൂരും) ഏറ്റുമുട്ടും .മത്സരങ്ങൾ രാത്രി 8.45ന് ആരംഭിക്കും.