റേഷൻ കടകളുടെ മുഖം മാറുന്നു. ഈ വർഷം ആയിരം റേഷൻ കടകൾ കെ സ്റ്റോറാക്കും


 

കേരളത്തിലെ റേഷൻകടകളിൽ കൂടുതൽ സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാക്കുന്ന കെ സ്‌റ്റോർ പദ്ധതിക്ക് തുടക്കമാകുന്നു. ആദ്യഘട്ടത്തിൽ 108 റേഷൻകടകളെയാണ് കെ സ്റ്റോറുകളാക്കി മാറ്റിയത്. പൊതുവിതരണ കേന്ദ്രങ്ങൾ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച കേരള സ്‌റ്റോർ പദ്ധതിയാണ് കെ സ്‌റ്റോർ എന്ന ചുരുക്കപേരിൽ അറിയപ്പെടുന്നത്. 

ബാങ്കിങ്, ഓൺലൈൻ സേവനങ്ങൾ ലഭ്യമാകാൻ പ്രയാസമുള്ള പ്രദേശങ്ങളിലെ റേഷൻ കടകൾക്കാണ് കെ സ്‌റ്റോർ പദ്ധതിയിൽ മുൻഗണന നൽകുന്നത്. 10,000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിങ് സംവിധാനം, ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ ഉൾപ്പെടെയുള്ള യൂട്ടിലിറ്റി പേയ്‌മെന്റുകൾ, അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചകവാതക കണക്ഷൻ, ശബരി, മിൽമ ഉത്പന്നങ്ങൾ എന്നിവ കെ സ്റ്റോറുകളിൽ ലഭിക്കും. അധിക സേവനങ്ങളുടെ പേരിൽ ഫീസ് ഇടാക്കില്ല. 850 ഓളം റേഷൻ വ്യാപാരികൾ കെ സ്റ്റോർ പദ്ധതി നടപ്പാക്കുന്നതിനായി മുന്നോട്ട് വന്നിട്ടുണ്ട്. 

കൂടാതെ ഇ- പോസ് മെഷീൻ ത്രാസുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്കും തുടക്കമാകും. ഇതിലൂടെ റേഷൻ വിതരണം സുതാര്യമാക്കാനും, അളവിന് അനുസരിച്ച് സാധനങ്ങൾ കാർഡ് ഉടമയ്ക്ക് കിട്ടുന്നവെന്ന് ഉറപ്പുവരുത്താനും സാധിക്കും. 

ഈ വർഷം 1000 റേഷൻകടകളെ കെ സ്റ്റോർ ആക്കാനാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ലക്ഷ്യമിടുന്നത്. ജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ഉത്്പന്നങ്ങളും ലഭ്യമാകുന്നതോടൊപ്പം റേഷൻ വ്യാപാരികൾക്ക് അധിക വരുമാനവും ഈ പദ്ധതിയിലൂടെ ലഭിക്കും. ഘട്ടം ഘട്ടമായി കൂടുതൽ സേവനങ്ങളും ഉത്പന്നങ്ങളും കെ-സ്റ്റോറിലൂടെ ലഭ്യമാക്കും.

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും കുടുംബശ്രീ ഉൾപ്പെടെയുള്ള ചെറുകിട യൂണിറ്റുകളുടെയും ഉത്പന്നങ്ങൾ ഭാവിയിൽ കെ-സ്റ്റോറിലൂടെ ലഭ്യമാക്കാനാണ് തീരുമാനം. പതിനാലായിരത്തിലധികം റേഷൻകടകളാണ് സംസ്ഥാനത്തുളളത്. നിലവിലെ റേഷൻകടകളുടെ മുഖച്ഛായ മാറ്റി സാധാരണക്കാരായ ജനങ്ങൾക്ക് കൂടുതൽ ആശ്രയിക്കാൻ കഴിയുന്ന വിധത്തിൽ അധിക ഉത്പന്നങ്ങളും സേവനങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കുവാനാണ്  പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

#kerala #kstore #civilsupplie


Below Post Ad