ചാവക്കാട്: മൂന്നു വർഷങ്ങൾക്ക് മുൻപ് ചാവക്കാട് പോലീസ് സ്റ്റേഷന് മുൻപിൽ വെച്ച് അവതാർ ജ്വല്ലറി സ്വർണ്ണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി രക്ഷപ്പെടുന്നത് തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി.
സംഭവത്തിന് ശേഷം വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന കേസിലെ രണ്ടാം പ്രതിയായ തൃത്താല സ്വദേശി ഊരതൊടിയിൽ വീട്ടിൽ 26 വയസ്സുള്ള ഫാഹിം റഹ്മാനാണ് ചാവക്കാട് പോലീസിന്റെ പിടിയിലായത്.
കരിപ്പൂർ എയർപോർട്ടിൽ നിന്നാണ് ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ.കെ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കേസിലെ ഒന്നാം പ്രതിയായ അവതാർ ഗോൾഡ് ജ്വല്ലറി ഉടമ തൃത്താല സ്വദേശി ഊരതൊടിയിൽ വീട്ടിൽ 58 വയസ്സുള്ള അബ്ദുള്ളയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കോടതിൽ ഹാജരാക്കിയ പ്രതി ഫാഹിം റഹ്മാനെ റിമാൻറ് ചെയ്തു. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്.ഐ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിനീഷ്, എന്നിവരും ഉണ്ടായിരുന്നു.
സംഭവത്തിൽ സീനിയർ സിവിൽ പോലീസ് പോലീസ് ഓഫീസറായ നന്ദകുമാറിന് ഗുരുതര പരിക്കേറ്റിരുന്നു.