തൃശൂർ: വാണിജ്യാടിസ്ഥാനത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന പുഷ്പമാണ് മുല്ലപ്പൂ. മുല്ലപ്പൂ കച്ചവടക്കാർക്ക് വെല്ലുവിളിയുമായി പുതിയ നിയമം കൊണ്ടു വന്നിരിക്കുകയാണ് അധികൃതർ.
മുഴം കണക്കിനാണ് കച്ചവടക്കാർ മുല്ലപ്പൂ വിറ്റിരുന്നത്. എന്നാൽ ഇനി സ്കെയിൽ ഉപയോഗിച്ച് അളന്നു തന്നെ വിൽക്കണമെന്നാണ് പുതിയ നിയമം നിർദേശിക്കുന്നത്. വഴിയോരക്കച്ചവടക്കാർ മുഴം കണക്കിൽ മുല്ലപ്പൂ വിറ്റ് അധികമായി പണം ഈടാക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസം തൃശ്ശൂർ പാലസ് റോഡിലെ ആർ എം ആർ പൂക്കടയിൽ ലീഗൽ മെട്രോളജി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. 2000 രൂപയാണ് പിഴ ചുമത്തിയത്.
മുഴം എന്നത് അളവുകോൽ അല്ലെന്നും ലീഗൽ മെട്രോളജി വകുപ്പ് പറഞ്ഞു. മുഴം കണക്കിൽ മുല്ലപ്പൂ ഇനി വിൽക്കാനാവില്ല എന്ന കർശന നിയമം കൊണ്ടുവന്നിരിക്കുകയാണ് വകുപ്പ്.
മുഴം കണക്കിൽ വിൽപ്പന നടത്തുമ്പോൾ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുകയാണ്. ഇതാണ് നടപടിയെടുക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
മൂല്ലപ്പൂമാല സെന്റീമീറ്റർ, മീറ്റർ എന്നിവയിലാണ് അളക്കേണ്ടത്. പൂവാണെങ്കിൽ ഗ്രാമിലും കിലോഗ്രാമിലും അളക്കാം. എന്നാൽ പതിവായി മുഴം അളവിലാണ് മുല്ലപ്പൂ വിൽക്കുന്നത്. കൈമുട്ട് മുതൽ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴം. ആളുകളുടെ കൈയ്ക്ക് അനുസരിച്ച് പൂമാലയുടെ വലിപ്പവും മാറും. അതിനാൽ സ്കെയിൽ ഉപയോഗിച്ച് അളക്കണമെന്നാണ് അധികൃതർ നിർദേശിക്കുന്നത്.
ഇന്ത്യയിൽ മുല്ലപ്പൂ വിൽക്കുന്നതിൽ ഒന്നാം സ്ഥാനത്ത് തമിഴ്നാടാണ്. 50ൽ അധികം ഇനത്തിൽ മുല്ലപ്പൂ ലഭ്യമാണെങ്കിലും മൂന്നിനം മാത്രമാണ് വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നത്. മധുര മല്ലി അല്ലെങ്കിൽ ഗുണ്ടുമല്ലി, ജാതിമല്ലി അല്ലെങ്കിൽ പിച്ചി, മുല്ല എന്നീ ഇനങ്ങളാണ് വിപണിയിൽ വിൽക്കുന്നത്. പ്രാദേശിക വിപണികളിൽ മുല്ലപ്പൂവിന് ആവശ്യക്കാരേറെയാണ്.