നവതി നിറവിൽ എം ടി;കഥകളുടെ ആചാര്യന് ആശംസകൾ



കൂടല്ലൂർ : മലയാളത്തിന്‍റെ എം.ടിക്ക് ഇന്ന് നവതി. കഥകളുടെ ആചാര്യന് ആശംസകൾ നേരുകയാണ് നാട്. വായനക്കാരെ അത്ഭുതലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ എം.ടി വാസുദേവൻ നായർക്ക് പകരമായി നൽകാൻ കേരളത്തിനുള്ളത് മനസ്സിൽതൊട്ട ആദരം മാത്രം.


തെക്കേപ്പാട്ട് വാസുദേവൻ നായർ അഥവാ എം.ടി വാസുദേവൻ നായർ. വായനയുടെയും എഴുത്തിന്റെയും ലോകത്ത് പ്രവേശിക്കുന്ന ഏതൊരാളും ആദരവോടെ മാത്രം പറയുന്ന പേര്. മനുഷ്യമനസ്സിലെ ഓരോ വികാരങ്ങളെയും കഥാപാത്രങ്ങളിലൂടെ വായനക്കാരിലേക്ക് എത്തിക്കുന്ന എഴുത്തിന്‍റെ മാന്ത്രികൻ. എം.ടി എന്ന് മലയാളികൾ ചുരുക്കിവിളിക്കുന്ന പ്രിയ കഥാകൃത്ത് നവതിയിലേക്ക് പ്രവേശിക്കുമ്പോൾ മലയാളികളും ആഘോഷിക്കുകയാണ്.

നോവലുകളിലേക്ക് ആരാധകരെ ആകർഷിച്ച രണ്ടാമൂഴം വായനക്കാർക്ക് മുന്നിൽ തുറന്നുനൽകിയത് ആസ്വാദനത്തിന്‍റെ മറ്റൊരു തലമാണ്. ഇതിഹാസങ്ങൾക്കും ചരിത്രങ്ങൾക്കും എന്നും വ്യത്യസ്ത കാഴ്ചപ്പാട് സമ്മാനിക്കാൻ എം.ടിക്ക് സാധിച്ചു. ചതിയൻ ചന്തു എന്ന് പരിഹസിക്കപ്പെട്ട ചരിത്രകഥാപാത്രത്തിന്‍റെ നല്ല വശം അറിഞ്ഞത് എം.ടിയിലൂടെ. തിരക്കഥ എം.ടിയുടേതാണെങ്കിൽ ആ സിനിമയുടെ സ്ഥാനം മറ്റൊന്നാണ്.

എഴുത്തിന്‍റെ ലോകത്തേക്ക് എം.ടി കൈപിടിച്ച് കൊണ്ടുവന്നവർ ആരും ഉയരങ്ങളിൽ എത്താതിരുന്നില്ല. ഇങ്ങനെ ഇതിഹാസത്തിന്റെ വർണ്ണനകൾ അവസാനിക്കുന്നില്ല. 1956ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സബ് എഡിറ്റർ ട്രെയിനി. കൃഷ്ണവാര്യരുടെ പിൻഗാമിയായി 1968ൽ മുഖ്യപത്രാധിപരായി. 1981നുശേഷം ചെറിയ ഇടവേള. പിന്നീട് 88ൽ മാതൃഭൂമി പിരിയോഡിക്കൽസിന്‍റെ എഡിറ്ററായി ശേഷം 99ലാണ് പിരിഞ്ഞത്. എപ്പോഴും പറയുന്നതുപോലെ കഥയുടെ ആചാര്യൻ പിറന്നാൾ ആഘോഷിക്കാറില്ല. എങ്കിലും മലയാളത്തിനും കൂടല്ലൂരിനും ഈ ദിവസം എന്നത്തെയും പോലെ ഇന്നും ആഘോഷിക്കാതെ വിടാനാകില്ല.

ആശംസകൾ നേർന്ന് മുഖ്യമന്ത്രി

എം ടിയുടെ നവതി കേരളത്തിന്റെയാകെ അഭിമാനമുഹൂർത്തമാണ്. നമ്മുടെ സാംസ്‌കാരികതയുടെ ഈടുവെയ്പ്പിന് ഇത്രയധികം സംഭാവന നൽകിയിട്ടുള്ള അധികം പേരില്ല. മലയാളത്തെ ലോകസാഹിത്യത്തിൽ അടയാളപ്പെടുത്തുന്നതിൽ അതുല്യമായ പങ്കാണ് എം.ടിയ്ക്കുള്ളത്. സാഹിത്യകാരൻ എന്ന നിലയ്ക്ക് മാത്രമല്ല, പത്രാധിപരെന്ന നിലയിലും ചലച്ചിത്രകാരൻ എന്ന നിലയിലും അനുപമായ സംഭാവനകൾ അദ്ദേഹം നൽകി.

സാഹിത്യരചനയോടൊപ്പം തന്നെ കേരളത്തിന്റെ സാംസ്കാരിക മേഖലയെ ഉജ്ജീവിപ്പിക്കാനും എം ടി പരിശ്രമിച്ചു. അതിന്റെ ഭാഗമായാണ് തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അദ്ധ്യക്ഷ സ്ഥാനമേറ്റെടുത്തതും നിരവധി സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും. എം ടിയുടെ നേതൃത്വത്തിൽ ദേശീയ സാഹിത്യോത്സവങ്ങളിലൂടെ തിരൂർ തുഞ്ചൻ പറമ്പ് ഇന്ത്യൻ സാഹിത്യഭൂപടത്തിൽത്തന്നെ ശ്രദ്ധാകേന്ദ്രമായി.

അദ്ദേഹത്തിന്റെ സാഹിത്യവും സാംസ്കാരിക പ്രവർത്തനങ്ങളും എക്കാലവും ജനാധിപത്യ, മതേതര, പുരോഗമന നിലപാടുകളിൽ അടിയുറച്ചു നിന്നു. യാഥാസ്ഥിക മൂല്യങ്ങളേയും വർഗീയതയേയും എം ടി തന്റെ ജീവിതത്തിലുടനീളം കർക്കശബുദ്ധിയോടെ എതിർത്തു. സങ്കുചിതമായ പല ഇടപെടലുകളേയും മറികടന്നു തുഞ്ചൻ പറമ്പിന്റെ മതനിരപേക്ഷ സ്വഭാവം നിലനിർത്താൻ സാധിച്ചത് ഈ  നിലപാടിന്റെ ബലം നമ്മെ ബോധ്യപ്പെടുത്തി.

എം ടി കാലത്തെ സൂക്ഷ്മമായി നോക്കിക്കാണുകയും സാഹിത്യസൃഷ്ടികളിൽ വൈകാരിക തീക്ഷ്ണതയോടെ, അനുഭൂതിജനകമാം വിധം ആ കാഴ്ച പകർന്നു വെയ്ക്കുകയും ചെയ്തു. ജനമനസ്സുകളെ യോജിപ്പിക്കാൻ തക്ക കരുത്തുള്ള ഉപാധിയാണ് സാഹിത്യം. ആ സാഹിത്യത്തെ ജനമനസ്സുകളെ വിഷലിപ്തമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ പുതിയ കാലത്ത് എം ടിയുടെ കൃതികൾ ആവർത്തിച്ചു വായിക്കപ്പെടേണ്ടതുണ്ട്. ആ നിലയ്ക്ക് ഒരു സാംസ്‌കാരിക മാതൃകയാണ് സ്വന്തം ജീവിതംകൊണ്ട് എം ടി നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ളത്. അതിൽനിന്നു പ്രചോദനമുൾക്കൊണ്ട് മുമ്പോട്ടുപോകാൻ നമുക്കു കഴിയണം. പ്രിയ എം ടിയ്ക്ക് ഹൃദയപൂർവ്വം നവതി ആശംസകളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ
Tags

Below Post Ad