അങ്ങാടിപ്പുറം മോഷണം; പ്രതികൾ പിടിയിൽ


 

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിലും മുതുകുര്‍ശ്ശി എളാടും രാത്രിയില്‍ ആളില്ലാത്ത വീടിന്‍റെ വാതില്‍ പൊളിച്ച് 92 പവനോളം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്ത് കൊണ്ടുപോയ കേസിലെ പ്രതികൾ പിടിയില്‍.

മൂവാറ്റുപുഴ പേഴക്കാപ്പള്ളി സ്വദേശി പാണ്ടിയാരപ്പള്ളി നൗഫല്‍(37), മോഷണമുതല്‍ വില്‍പ്പനനടത്താനും പ്രതിക്ക് താമസസ്ഥലം ഒരുക്കിക്കൊടുക്കുകയും ചെയ്ത പട്ടാമ്പി മഞ്ഞളുങ്ങല്‍ സ്വദേശി പൂവത്തിങ്ങല്‍ ബഷിറി(43)നെയുമാണ് അറസ്റ്റ് ചെയ്തത്


മലപ്പുറം ജില്ല പൊലീസ് മേധാവി എസ്.സുജിത്ത് ദാസ്, പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സി.ഐ. പ്രേംജിത്ത്, എസ്.ഐ. ഷിജോ.സി.തങ്കച്ചന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ജൂണ്‍ 11 നാണ് അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയില്‍ പുതുപറമ്പില്‍ സിബിജോസഫിന്‍റെ വീട്ടില്‍ വീട്ടുകാര്‍ പുറത്ത് പോയസമയത്ത് രാത്രിയില്‍ പിറക് വശത്തെ വാതില്‍ തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന 72 പവൻ സ്വര്‍ണാഭരണങ്ങളും പണവും വിലപിടിപ്പുള്ള വാച്ചുകളും മോഷണം പോയതായി പരാതി ലഭിക്കുന്നത്. കൃത്യം രണ്ടാഴ്ച മുമ്പ് മെയ് 28 ന് മുതുകുര്‍ശ്ശി എളാട് കുന്നത്ത് പറമ്പൻ വാസുദേവന്റെ വീട്ടിലും സമാനരീതിയില്‍ മോഷണം നടത്തി 20 പവൻ സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയിരുന്നു.

Below Post Ad