കുമ്പിടി : പാലക്കാട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ഭാരതപ്പുഴയിൽ നിർമിക്കുന്ന കുമ്പിടി കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം പുരോഗമിക്കുന്നു.
ബ്രിഡ്ജിന്റെ കുമ്പിടി കാങ്കപ്പുഴക്കടവ് ഭാഗത്ത് രണ്ട് വരികളിലായി 10 പ്രധാനതൂണുകളുടെ ഉൾപ്പെടെ 20 തൂണുകളുടെ നിർമാണം പൂർത്തിയായി.
ഇപ്പോൾ ഈ തൂണുകൾക്ക് മുകളിലെ ബീമുകളുടെ നിർമാണ പ്രവൃത്തികളാണ് നടക്കുന്നത്. ഇതിനുശേഷം പാലത്തിന്റെ മുകൾഭാഗത്തെ കോൺക്രീറ്റ് ജോലികൾ ആരംഭിക്കും.
ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നാലും ഇനി ജോലികൾ തടസ്സപ്പെടില്ല. രാത്രിയും പകലും നിർമാണം പുരോഗമിക്കുന്നുണ്ട്. ജി.എസ്.ടി.ക്കുപുറമേ 102.72 കോടി രൂപയ്ക്കാണ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം എറണാകുളത്തെ കമ്പനി ഏറ്റെടുത്തിരിക്കുന്നത്.
418 മീറ്റർ നീളം വരുന്ന റെഗുലേറ്റർ കം ബ്രിഡ്ജിന് 11 മീറ്റർ വീതിയാണ് ഉണ്ടാവുക. പാലത്തിന്റെ മുകളിൽ ഇരുഭാഗത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും ഒരുക്കും. 30 ഷട്ടറുകളും റെഗുലേറ്റർ കം ബ്രിഡ്ജിന് ഉണ്ടാകും. കുമ്പിടി കാങ്കക്കടവിൽ 1,350 മീറ്റർ നീളത്തിലും കുറ്റിപ്പുറം കാങ്കപ്പുഴക്കടവിൽ 730 മീറ്റർ നീളത്തിലും അപ്രോച്ച് റോഡുകളും ഇതോടൊപ്പം നിർമിക്കും.