പട്ടാമ്പി: ഷൊർണൂർ - നിലമ്പൂര്‍ റൂട്ടിൽ
വല്ലപ്പുഴ റെയിൽവെ ഗേറ്റിന് സമീപം പാലക്കാട് - നിലമ്പൂർ പാസഞ്ചര്‍ ട്രെയിൻ പാളം തെറ്റിയത് റെയില്‍വേ ട്രാക്കില്‍ നിന്ന പോത്തിനെ ഇടിച്ചതിനെ തുടർന്നാണെന്ന് റെയിൽവെയുടെ പ്രാഥമിക നിഗമനം
ട്രെയിനിന്റെ ആദ്യ ബോഗിയിലെ രണ്ടു ചക്രങ്ങളാണു പാളത്തിൽനിന്നു പുറത്തേക്കു തെന്നിയത്. വൈകിട്ട് 5.15 നാണ് അപകടം ഉണ്ടായത്. പാളത്തിൽ നിന്ന് പതിവില്ലാത്ത ശബ്ദം കേട്ടാണ് പ്രദേശവാസികള്‍ ഓടിയെത്തിയത്. പാളത്തിൽ നിന്ന് പൊടിപടലം ഉയരുകയും ശബ്ദത്തോടെ ട്രെയിൻ നിർത്തുകയും ചെയ്തതായി യാത്രക്കാർ പറഞ്ഞു.
ഷൊർണൂരിൽ നിന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. വല്ലപ്പുഴ റെയില്‍വെ സ്റ്റേഷന്‍ എത്തുന്നതിന് ഒരു കിലോമീറ്റര്‍ അടുത്താണ് സംഭവം.
അപകടത്തെ തുടര്‍ന്ന് പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഷൊര്‍ണൂര്‍ - നിലമ്പൂര്‍, നിലമ്പൂര്‍ - ഷൊര്‍ണൂര്‍ പാസഞ്ചറുകള്‍ റദ്ദാക്കി. രാജ്യറാണി എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ പിടിച്ചിട്ടു.
യാത്രക്കാരെ റെയിൽവേ തന്നെ സ്വകാര്യ വാഹനങ്ങളിൽ ഷൊർണൂരിൽ എത്തിച്ചു തുടർയാത്രയ്ക്കു സൗകര്യമൊരുക്കി.
സംഭവ സ്ഥലം പി. മമ്മിക്കുട്ടി എംഎൽഎ സന്ദർശിച്ചു.