പട്ടാമ്പി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയാത്തത് സർക്കാറിൻ്റെ വീഴ്ച; വി.കെ ശ്രീകണ്ഠൻ എം.പി

 


പട്ടാമ്പി:അടച്ചിട്ട പട്ടാമ്പി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയാത്തത് സർക്കാറിൻ്റെ വീഴ്ചയാണെന്ന് വി.കെ ശ്രീകണ്ഠൻ എം.പി. പട്ടാമ്പി പാലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയത്തെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ കൈവരികൾ തകർന്ന പാലം അപകടത്തിലാണെന്ന ആശങ്കയുണ്ട്. ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘത്തെക്കൊണ്ട് അടിയന്തിരമായി പാലത്തിന്റെ ബലക്ഷയം  പരിശോധിക്കാൻ സർക്കാർ തയ്യാറാകണം. 

പാലം അടച്ചിട്ട് അഞ്ച് ദിവസമായിട്ടും, പുഴയിലെ ജലനിരപ്പ് താഴ്ന്നിട്ടും ശാസ്ത്രീയമായ ഒരു പരിശോധനയും ഇതുവരെ നടന്നിട്ടില്ല. ഇത് സർക്കാറിൻ്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. പാലത്തിൻ്റെ കൈവരികൾ തകർന്ന് പോയത് ഒഴിച്ചാൽ പ്രാഥമിക പരിശോധനയിൽ പാലത്തിൻ്റെ തൂണുകൾക്ക് കാര്യമായ ബലക്ഷയം ഒന്നുമില്ലാ എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞത്. 

പാലം അടച്ച പൊതുമരാമത്ത് അധികൃതർ പാലവുമായി ബന്ധപ്പെട്ട പരിശോധനകൾ എത്രയും പെട്ടെന്ന് നടത്തി പാലം തുറന്നു കൊടുക്കുവാനൊ, ബദൽ സംവിധാനം ഏർപ്പെടുത്തുവാനൊ തയ്യാറാകണം.ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ശ്രീകണ്ഠൻ പറഞ്ഞു.

പാലക്കാട് - തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന നിത്യേന പതിനായിരക്കണക്കിന് ആളുകൾ രണ്ട് ഭാഗത്തേക്കും യാത്ര ചെയ്യുന്നതിനായി ഉപയോഗിക്കുന്ന പ്രധാന പാലമാണിത്. പാലം അടച്ചതുമൂലം ജനങ്ങൾക്കുണ്ടായ ദുരിതം കണക്കിലെടുത്ത് സർക്കാർ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണം. തകർന്ന കൈവരികൾ യുദ്ധകാല അടിസ്ഥാനത്തിൽ പുന:സ്ഥാപിച്ച് ചെറിയ വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യം ഒരുക്കണമെന്നും ശ്രീകണ്ഠൻ ആവശ്യപ്പെട്ടു.

കോൺഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, പി.കെ ഉണ്ണികൃഷ്ണൻ, കമ്മുക്കുട്ടി എടത്തോൾ, അഡ്വ: രാമദാസ്, കെ.ആർ നാരായണസ്വാമി, ജിതേഷ് മോഴിക്കുന്നം, എ.പി രാമദാസ്, ഉമ്മർ കിഴായൂർ, കെ.ബഷീർ, ജയശങ്കർ കൊട്ടാരത്തിൽ, എ.കെ അക്ബർ, അഡ്വ:ടി.എം നഹാസ്, അലി പൂവ്വത്തിങ്കൽ, വാഹിദ് കല്പക, ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികളായ കെ.പി.കമാൽ, ജീസ് സൈമൺ എന്നിവർ എം.പിയോടൊപ്പം ഉണ്ടായിരുന്നു.


പട്ടാമ്പി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയാത്തത് സർക്കാറിൻ്റെ വീഴ്ച; വി.കെ ശ്രീകണ്ഠൻ എം.പി.

Below Post Ad