ദുബൈ കെ എം സി സി തൃത്താല മണ്ഡലം കമ്മിറ്റി നവംബർ മൂന്നിന്ന് സംഘടിപ്പിക്കുന്ന തൃത്താലക്കാരുടെ മഹാസംഗമം ദുബൈ ഖിസൈസിലെ വുഡ്ലം പാർക്ക് സ്കൂൾ ഗ്രൗണ്ടിനെ ഉത്സവനഗരിയാക്കി മാറ്റും. ആഘോഷത്തിന്ന് അതിരിടാത്ത തൃത്താലക്കാർ യു എ ഇയിലെ വിവിധ എമിറേറ്റ്സുകളിൽ നിന്നെത്തി തൃത്താല ഫെസ്റ്റിനെ സാന്നിധ്യം കൊണ്ട് വർണ്ണാഭമാക്കും .
കാൽപന്തുകളിയുടെ ആരവവും വടംവലിയുടെ ആവേശവും കൊട്ടികയറും. വട്ടപ്പാട്ടിന്റെ ഈരടികളും കോൽക്കളിയുടെ കോലടിത്താളവും ശിങ്കാരിമേളത്തിന്റെ മേളപെരുക്കവും ആഘോഷരാവ് ഒരുക്കും. മൈലാഞ്ചി ചോപ്പ് അണിഞ്ഞ സായാഹ്നം കലാവിരുന്നിന്ന് നിറപകിട്ടേകും.
വൈകിട്ട് മൂന്നുമണിക്ക് ആരംഭിക്കുന്ന ഫെസ്റ്റിൽ കാൽപന്തുകളിയുടെ കളിക്കളം ഒരുങ്ങുമ്പോൾ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകൾ ബൂട്ടണിഞ് എത്തും . തൃത്താലയിലെ ഫുട്ബോൾ രാജാക്കന്മാരെ കണ്ടെത്താനുള്ള പോരാട്ടം കനക്കുമ്പോൾ കാറ്റു നിറച്ച പന്ത് കളിയാവേശം തീർക്കും.
തുടർന്ന് വടംവലി മത്സരം നടക്കും. ആരവങ്ങൾ മുഴുങ്ങുന്ന ആർപ്പുവിളികൾക്ക് നടുവിൽ കയ്യും മെയ്യും മറന്ന് ശക്തിയും ബുദ്ദിയും ഒരേ ബിന്ദുവിൽ കേന്ദ്രീകരിച്ച് എട്ടു ടീമുകൾ കൈകരുത്തിന്റെ മാറ്റുരക്കും.
കാലത്തിന്റെ കുത്തൊഴുക്കിലും ജീവിതത്തീലെ മണ്ടിപാച്ചിലുകൾക്കിടയിലും കാൽപന്തുകളിയിലെ കരുത്ത് ചോർന്നിട്ടില്ലെന്ന് തെളിയിക്കാൻ പഴയ താരങ്ങളുടെ വെറ്ററൻസ് ഫുട്ബോൾ മത്സരവും നടക്കും.
മെഹന്തി മത്സരം , പായസ മത്സരം, ചിത്ര രചന മത്സരം എന്നിവ പരിപാടിക്ക് നിറമേകും. സാംസ്കാരിക സമ്മേളനത്തൊടെ പരിപാടി അവസാനിക്കും.