സ്പെയിനിലെ അന്താരാഷ്ട്ര അക്കാഡമിയിൽ ഫുട്ബോൾ കോച്ചിങ്ങിനു സെലക്ഷൻ....!
സഞ്ജയ്‌ന് പക്ഷെ പോകാൻ പണമില്ല…
5 ലക്ഷത്തിലധികം ചെലവ് വരും.
ഉദാരമതികൾ സഹായിക്കണം.
മലപ്പുറം ജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ കാട്ടിപ്പരുത്തിയിൽ മടത്തിക്കുന്ന് എസ്. സി. കോളനിയിൽ താമസിക്കുന്ന സഞ്ജയ് എന്ന ചെറുപ്പക്കാരൻ ഫുട്ബോൾ കളിയിൽ രാജ്യത്തിന്റെ ഭാവി വാഗ്ദാനമാവുകയാണ്.
സാമ്പത്തിക പ്രയാസം മൂലം പത്താം ക്ലാസിനു ശേഷം പഠനം നിർത്തേണ്ടി വന്ന സഞ്ജയ് പക്ഷെ തന്റെ ഫുട്ബോൾ പ്രേമം ഉപേക്ഷിക്കാൻ തയ്യാറില്ലായിരുന്നു
പട്ടിക ജാതി കണക്ക വിഭാഗത്തിലെ ദരിദ്ര കുടുംബത്തിൽ പെട്ട കൂലിപ്പണിക്കാരനായ പ്രകാശന്റെയും സതിയുടെയും മകനായ സഞ്ജയ് സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഫുട്ബോൾ മൈദാനങ്ങളിൽ മികച്ച കഴിവുകൾ പുറത്തെടുത്തു മുന്നേറി.
പ്രാദേശിക ടൂർണ്ണമെന്റുകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചിരുന്ന സഞ്ജയ് ന് ചെന്നൈയിലെ വായ്പ്പേട്ടയിൽ നടന്ന ഇന്റർനാഷണൽ "ടീം ഫുട്ബോൾ ട്രയൽസി"ൽ മാറ്റുരക്കാൻ അവസരം ലഭിച്ചതോടെയാണ് മലപ്പുറം ജില്ലയിലെ ഈ ചെറുപ്പക്കാരൻ അന്തർ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.
ചെന്നൈയിലെ മികച്ച പ്രകടനത്തിലൂടെ സ്പെയിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തെ മുൻ നിര ഫുട്ബോൾ പരിശീലന അക്കാഡമിയായ Toquero Sports Academy യിലേക്ക് സെലക്ഷൻ ലഭിച്ചിരിക്കുകയാണ് ഈ യുവാവിന്. ലോക പ്രശസ്ത ഫുട്ബോൾ ട്രൈനെർ Gaizka Toquero വിന്റെ കീഴിലാണ് പരിശീലനം
2025 ജനുവരി 6 മുതൽ ഫെബ്രുവരി 5 വരെ സ്പെയിനിൽ നടക്കുന്ന കോച്ചിങ് ക്യാമ്പിന് പങ്കെടുക്കാൻ 5 ലക്ഷം രൂപയിലധികം ചെലവ് വരും. പക്ഷെ പരിശീലന പരിപാടിക്ക് പോകണമെങ്കിൽ ഈ മാസം 30 ന് മുൻപായി തന്നെ 2,90,000 ( രണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപ അടവാക്കണം. ബാക്കി വരുന്ന 2,10,000 രൂപ ഡിസംബർ 15 ന് മുൻപും അടക്കണം.
പണം കണ്ടെത്താൻ കഴിയാത്ത വിഷമത്തിൽ ഇന്നലെ ഉച്ചയോടെയാണ് സഞ്ജയ് ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തി സങ്കട ഹരജി ബോധിപ്പിച്ചത്.
അതി ശക്തമായ ആത്മവിശ്വാസം കൈമുതലായുള്ള ഈ മിടുക്കൻ നാളെ മലപ്പുറം ജില്ലക്കും ഇന്ത്യക്ക് തന്നെയും അഭിമാനമായി മാറും. പണമില്ലാത്തതിന്റെ പേരിൽ ഈ പ്രതിഭയെ ഭാവി ഭാരതത്തിന്റെ കായിക നഭസ്സിന് നഷ്ടപ്പെടാൻ പാടില്ല..
ഈ കായിക പ്രതിഭയുടെ ചെലവ് വഹിക്കാൻ നമുക്ക് സാധിക്കണം. അത് ഫുട്ബോൾ പ്രണയത്തിനു പുകൾ പെറ്റ മലപ്പുറം ജില്ലയുടെ ബാധ്യതയാണ്. സഞ്ജയ് ക്ക് സാമ്പത്തിക സഹായം ചെയ്യാൻ തയ്യാറുള്ളവർ ദയവായി ഈ കമന്റ് ബോക്സിൽ ഫോൺ നമ്പർ സാഹിതമോ,
ജില്ലാ പഞ്ചായത്തിൽ നേരിട്ടോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം
എം. കെ. റഫീഖ,
പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത്