കാങ്കക്കടവ് റെഗുലേറ്റർ കം  ബ്രിഡ്ജ് നിർമ്മാണം അന്തിമഘട്ടത്തിൽ

 



കുമ്പിടി : ഭാരതപ്പുഴയിൽ നിർമിക്കുന്ന കുമ്പിടി കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം അന്തിമഘട്ടത്തില്‍. പദ്ധതിയുടെ  80 ശതമാനം നിർമ്മാണ  പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട് . 

418 മീറ്റർ നീളം വരുന്ന റെഗുലേറ്റർ കം ബ്രിഡ്ജിന് 11 മീറ്റർ വീതിയുണ്ട് . പാലത്തിന്റെ മുകളിൽ ഇരുഭാഗത്തുമായി ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും ഒരുക്കിയിട്ടുണ്ട് 

മുകൾഭാഗത്തെ റോഡിന്റെ കോൺക്രീറ്റ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത് .പാലത്തിൻ്റെ ഇരുവശത്തുമായി കൈവരികളും സ്ഥാപിച്ചു കഴിഞ്ഞു. 

കിഫ്ബിയുടെ 105 കോടിയുടെ സഹായത്തോടെ  2022 ഡിസംബറിൽ ആരംഭിച്ച നിർമാണം പൂർത്തിയാക്കാൻ രണ്ട് വർഷത്തെ സമയമാണ് കരാർ കമ്പനിക്ക് നൽകിയിട്ടുള്ളത്. 

അപ്രോച്  റോഡിന്റെ നിർമ്മാണമാണ് ഇനി ബാക്കിയുള്ളത് .അതിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് . 

സ്ഥലം ലഭ്യമായാൽ  നാല് മാസം കൊണ്ട് ബാക്കി പണികൾ പൂർത്തിയാക്കാനാകുമെന്ന് പദ്ധതിയുടെ കരാർ കമ്പനി ജനറൽ മാനേജർ എസ് പ്രദീപ് കെ ന്യൂസിനോട് പറഞ്ഞു 

കുറ്റിപ്പുറം കാങ്കപ്പുഴക്കടവിൽ പാലത്തിന്റെ അവസാനഭാഗവും അപ്രോച്ച് റോഡുകളും നിർമിക്കുന്നതിനും പാലം മുതൽ കുറ്റിപ്പുറം തിരൂർ റോഡ് ജങ്ഷൻ, കുമ്പിടി അങ്ങാടി എന്നിവിടങ്ങളിലേക്കുള്ള റോഡുകളുടെ വീതി വർധിപ്പിക്കുന്നതിനും ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. 

കുമ്പിടി കാങ്കക്കടവിൽ 1350 മീറ്റർ നീളത്തിലും കുറ്റിപ്പുറം കാങ്കപ്പുഴക്കടവിൽ 750 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡുകൾ നിർമിക്കുക.

തിരൂർ റോഡ് ജങ്ഷൻ വരേയും കുമ്പിടി അങ്ങാടിവരെയും നിലവിലുള്ള റോഡ് 12 മീറ്റർ വീതിയിലേക്കു മാറ്റും. 

ആനക്കര വില്ലേജിലെ 64 സർവേ നമ്പറിലും കുറ്റിപ്പുറം പഞ്ചായത്തിൽ 65 സർവേ നമ്പറിലുമായി 98 വ്യക്തികളുടേതായി 170.52 സെന്റാണ്‌ റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ അപ്രോച്ച് റോഡ് നിർമാണത്തിനായി ഏറ്റെടുക്കേണ്ടത്.

ഇതിൽ വീടുകളും കെട്ടിടങ്ങളുമായി 10 എണ്ണവും 49 മതിൽ, ഗേറ്റ്‌ എന്നിവയും മൂന്നു കിണറുകളും പൊളിക്കേണ്ടിവരും. അപ്രോച്ച് റോഡ് വരുന്ന കുമ്പിടി ഭാഗത്ത് പ്രധാനമായും കച്ചവട സ്ഥാപനങ്ങളാണ് പൊളിക്കേണ്ടിവരുക. 

മലപ്പുറം -പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കാങ്കക്കടവ്  റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കൃഷിക്കും ജലസേചനത്തിനുള്ള പ്രധാന സ്രോതസ്സ് എന്ന നിലയിലും ഏറെ പ്രയോജനപ്പെടും. 

കുറ്റിപ്പുറം പാലത്തിന് പകരമായി പ്രയോജനപ്പെടുത്താനും തൃത്താല മണ്ഡലത്തിന്റെയും കുമ്പിടി കുറ്റിപ്പുറം എന്നീ പ്രദേശങ്ങളുടെയും  അടിസ്ഥാന സൗകര്യ വികസനത്തിന് നാഴികക്കല്ലായും പദ്ധതി മാറും. 

തൃത്താലയുടെ നാളിതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് 105 കോടി രൂപയുടെ കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് എന്നും

പാലത്തിന്റെയും റെഗുലേറ്ററിന്റെയും നിർമ്മാണം നല്ല നിലയിൽ നടക്കുന്നുവെന്നും അപ്രോച്ച് റോഡിനുള്ള സ്ഥലമെറ്റെടുപ്പ് നടപടികൾക്ക് തുടക്കമായി എന്നും മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി. 

കെ ന്യൂസ് 



Below Post Ad