കൂറ്റനാട്: ഏതാനും മാസങ്ങളായി പാറക്കൽ ഉസ്താദ് എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദാലി മുസ്ലിയാരെ സംബന്ധിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പാറക്കൽ പള്ളിയേയും അനുബന്ധ ആശുപത്രിയേയും കൈക്കലാക്കാൻ നടക്കുന്ന പ്രവർത്തനം ചിലരുടെ വ്യക്തി താല്പര്യത്തിന്റെ ഭാഗമാണെന്ന് പ്രദേശവാസികളായ ബാവ ഹാജി കപ്പൂർ, ഇബ്രാഹിം കുട്ടി കെ.ടി കൂനമൂച്ചി, സുലൈമാൻ കെ.ടി കുനമൂച്ചി, സക്കരിയ കെ.കെ കപ്പൂർ, ഷിനോജ്, സുബൈർ, ഉണ്ണുണ്ണി കുനമൂച്ചി, ഷാജി അയിരൂർ, സക്കീർ എം അയിരൂർ എന്നിവർ ബുധനാഴ്ച കൂറ്റനാട് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ പ്രസ്താവിച്ചു.
2016 ഏപ്രിൽ മാസം 11ന് രജിസ്റ്റർ ചെയ്ത നൂറുൽ ഹുദാ ഇസ്ലാമിക് എജുക്കേഷൻ സെൻറർ എന്ന ട്രസ്റ്റ് രൂപീകരിച്ചതിനു ശേഷം തുടങ്ങിയ ആശുപത്രിയും സംവിധാനങ്ങളും നാട്ടുകാർക്കും രോഗികൾക്കും ഏറെ ഉപകാരപ്രദമായ രീതിയിൽ പ്രവർത്തിക്കുന്നതെന്നും മഹല്ല് നിവാസികൾ പറഞ്ഞു. പാറക്കൽ മുഹമ്മദാലി മുസ്ലിയാർ എന്ന വ്യക്തി തൻറെ ജീവിതപ്രയത്നത്തിൽ ഉയർത്തിക്കൊണ്ടുവന്ന സംരംഭമാണ് പാറക്കൽ മർക്കസും അനുബന്ധ ആശുപത്രിയും സംവിധാനങ്ങളും. പ്രസ്തുത സ്ഥാപനങ്ങളും വസ്തുക്കളും കൈക്കലാക്കാനും നടത്തിപ്പവകാശം ലഭിക്കാനും നടത്തുന്ന സ്വാർത്ഥ താല്പര്യത്തിന്റെ ഭാഗമാണ് പാറക്കൽ മർക്കസിന് എതിരായിട്ടുള്ള പ്രചാരണങ്ങളെന്ന് ഇവർ കുറ്റപ്പെടുത്തി.
നൂറുൽ ഹുദാ ഇസ്ലാമിക് എഡ്യൂക്കേഷൻ സെൻറർ എന്ന ട്രസ്റ്റിന്റെ മുൻ അംഗങ്ങളായ അനീർ, ബഷീർ എന്നീ രണ്ടുപേർ പാറക്കൽ ആശുപത്രിയുടെ ഭാഗമായിട്ടുള്ള ഫാർമസിയിൽ നിരന്തരമായ സാമ്പത്തിക ക്രമക്കേടുകൾ നടത്തുകയും ഇതിനെതിരെ നടപടിയെടുത്തതിനെ തുടർന്നാണ് ഇല്ലാ കഥകളും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്ന വിദ്വേഷ പ്രചാരണവും നടത്തുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു.
പാറക്കൽ ആയുർവേദ ആശുപത്രിയുടെ പേരിൽ വ്യാജ ചികിത്സ നടത്തുന്നു എന്ന് ആരോപണം വാസ്തവ വിരുദ്ധമാണ്. പാറക്കൽ പള്ളി മുഹമ്മദാലി മുസ്ലിയാർ കൈക്കലാക്കി എന്ന വാദം ശരിയല്ലെന്നും പള്ളി നിൽക്കുന്ന സ്ഥലത്തിൻറെ ഇപ്പോഴത്തെ അവകാശികൾ കമ്മറ്റി ഭാരവാഹികൾ ആണെന്നും എന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ രേഖകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും ഇവർ ആരോപിച്ചു.