കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്: പട്ടാമ്പി സ്വദേശി അറസ്റ്റിൽ

 


പൊന്നാനി:തായ്‌ലാൻഡിൽ ജോലി വാഗ്ദാനംചെയ്ത് കംബോഡിയയിലെ ഓൺലൈൻ തട്ടിപ്പുകേന്ദ്രത്തിലേക്ക് മലയാളികളെ എത്തിച്ച് വഞ്ചിച്ചെന്ന കേസിലെ പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽവെച്ച് പൊന്നാനി പോലീസ് അറസ്റ്റുചെയ്തു.  മേലേ പട്ടാമ്പി കറുപ്പൻതൊടി നസറുദ്ദീൻ ഷാ(32)യാണ് അറസ്റ്റിലായത്.പൊന്നാനി സ്വദേശിയായ അജ്മലിന്റെ പരാതിയിലാണ് അറസ്റ്റ്. 

തായ്‌ലാൻഡിലെ പരസ്യകമ്പനിയിൽ ഒരുലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനംചെയ്താണ് ആളുകളെ കംബോഡിയയിലേക്ക് കടത്തിയിരുന്നത്. ഒന്നരലക്ഷം രൂപ ഇവരിൽനിന്ന് കൈപ്പറ്റിയിരുന്നു.

തായ്‌ലാൻഡിനുപകരം കംബോഡിയയിലെ സൈബർ തട്ടിപ്പുകേന്ദ്രത്തിലേക്കാണ് യുവാക്കളെ എത്തിച്ചത്. ഒട്ടേറെപ്പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം.

 പലരും കംബോഡിയയിലെ സൈബർ തട്ടിപ്പുകേന്ദ്രത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. പരാതിക്കാരനായ അജ്മൽ ഉൾപ്പെടെ ചിലർ രക്ഷപ്പെട്ട് നാട്ടിലെത്തിയിരുന്നു. ഇരയായവരിൽനിന്ന് 2000 ഡോളർ വീതവും കൈക്കലാക്കിയിരുന്നു.

കംബോഡിയയിൽനിന്ന് നാട്ടിലെത്തിയപ്പോഴാണ് പ്രതിയെ പോലീസ് പിടികൂടിയത്. മനുഷ്യക്കടത്ത്, തടവിൽ പാർപ്പിക്കൽ, പണത്തിനുവേണ്ടി തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. പ്രതിക്കെതിരേ മറ്റു ജില്ലകളിലും സമാനരീതിയിലുള്ള കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ്ചെയ്തു.

പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്ത്, സബ് ഇൻസ്‌പെക്ടർ ആർ.യു. അരുൺ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി. സജുകുമാർ, എസ്. പ്രശാന്ത്‌കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, കൃപേഷ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

Below Post Ad