പാലക്കാട്:സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാറിനു തീപിടിച്ച് അമ്മയ്ക്കും മക്കൾക്കും പൊള്ളലേറ്റ സംഭവത്തിൽ രണ്ട് കുട്ടികൾ മരിച്ചു. പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിന്റെ മക്കളായ ആൽഫ്രഡ് (6), എമിലീന (4) എന്നിവരാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്.
അപകടത്തിൽ കുട്ടികളുടെ മാതാവായ എൽസി (37), മൂത്ത മകൾ അലീന (10), മുത്തശ്ശി ഡെയ്സി (65) എന്നിവർക്കും പൊള്ളലേറ്റിരുന്നു.
എൽസിയുടെ നില ഗുരുതരമായി തുടരുകയാണ്. എല്‍സിക്ക് 90 ശതമാനത്തിലധികം പൊളളലേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. കുട്ടികളുമൊത്ത് പുറത്തുപോകാനായി കാറില്‍ കയറിയപ്പോഴായിരുന്നു സംഭവം. പഴയ മാരുതി 800 കാറാണ് പൊട്ടിത്തെറിച്ചത്. കാറിന് പുറത്തായിരുന്നു കുട്ടികളും എല്‍സിയും കിടന്നിരുന്നത്. കാറിന്റെ പിന്‍വശത്തായിരുന്നു തീ ഉയര്‍ന്നത്.
കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ പെട്രോളിന്റെ മണംവന്നുവെന്നും രണ്ടാമത് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറിച്ചതെന്നും കുട്ടി പറഞ്ഞതായി ആംബുലന്‍സില്‍ ഉണ്ടായിരുന്ന അയല്‍വാസി പറഞ്ഞിരുന്നു. ഏറെ നാളായി ഉപയോഗിക്കാതെ കിടന്ന കാറാണ് പൊട്ടിത്തെറിച്ചത്. എല്‍സിയുടെ ഭര്‍ത്താവ് അടുത്തിടെയാണ് മരിച്ചത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് എല്‍സി മാര്‍ട്ടിന്‍.