തൃത്താലയിൽ സമീപകാലത്ത് പുനർനിർമ്മിച്ച റോഡുകൾ പോലും തകർന്നതിന് കാരണം അഴിമതിയാണെന്ന് കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.ടി.ബൽറാം പറഞ്ഞു. വ്യാപകമായി തകർന്ന് ഗതാഗത യോഗ്യമല്ലാതായി മാറിയിരിക്കുകയാണ് മണ്ഡലത്തിലെ പ്രധാന റോഡുകളെല്ലാം.കോടികൾ ഫണ്ട് അനുവദിച്ചതായി മന്ത്രി എം.ബി.രാജേഷ് വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച പ്രവൃത്തികൾ പലതും ഇനിയും തുടങ്ങിയിട്ടില്ല. പരുതൂരിലെ തീരദേശ റോഡ് നിർമ്മാണത്തിന് തൊട്ടുപിന്നാലെ തകർന്നതിന് പിന്നിലും അഴിമതിയാണ്. കുറ്റക്കാരായ കോൺട്രാക്ടർമാരേയും ഉദ്യോഗസ്ഥരേയും സംരക്ഷിക്കുന്നത് മന്ത്രി രാജേഷാണ്. തൃത്താലയിലെ ജനങ്ങളോട് രാജേഷ് അൽപ്പമെങ്കിലും ആത്മാർത്ഥത കാണിക്കണമെന്നും വി.ടി. ബൽറാം ആവശ്യപ്പെട്ടു.
യു.ഡി.എഫ്.നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃത്താല പി.ഡബ്ല്യു.ഡി. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മദ്യ മുതലാളിമാരിൽ നിന്ന് കോടികൾ പണം പിരിച്ച് അതിലൊരു വിഹിതം മുഖ്യമന്ത്രിക്കും മകൾക്കും വിതരണം ചെയ്യുന്ന പണിയാണ് ഇപ്പോൾ മന്ത്രി എം.ബി.രാജേഷിന്റേത് എന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കെ.പി.സി.സി.നിർവ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ആരോപിച്ചു.
പൊതുമരാമത്ത് റോഡുകളുടെ തകർച്ച മാത്രമല്ല,മന്ത്രിയുടെ നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളും തകർച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു. തൃത്താല നിയോജകമണ്ഡലം യു.ഡി.എഫ്.കൺവീനർ എസ്. എം. കെ.തങ്ങൾ അദ്ധ്യക്ഷതവഹിച്ചു.
പി.ഇ.എ.സലാം,സി.എച്ച്.ഷൗക്കത്തലി, കെ.വിനോദ്,റഷീദ് കൊഴിക്കര,പരുതൂർ പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം.സക്കറിയ,ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ,പി .വി.മുഹമ്മദാലി,പി.മാധവദാസ്,പി.എം. മധു,സി.എം.അലി,ടി .അസീസ്,പി.എം.മുസ്തഫ തങ്ങൾ,പി.സി.ഗംഗാധരൻ,വി.പി.ഫാത്തിമ എന്നിവർ പ്രസംഗിച്ചു.പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം വിട്ടയച്ചു.