സംസ്ഥാനത്ത് ജലജന്യരോഗമായ അമീബിക് മസ്‌തിഷ്‌ക ജ്വരം വർദ്ധിച്ചു വരുന്ന ഗുരുതരമായ സാഹചര്യം നിലനിൽക്കുന്നുണ്ട്. വൃത്തിയില്ലാത്ത കുളങ്ങളിലും തോടുകളിലും കുളിക്കുന്നവർക്ക് മാത്രമല്ല, വീടുകളിലെ കിണർ ജലം ഉപയോഗിച്ചവർക്കു പോലും മസ്തിഷ്‌ക ജ്വരം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന വാട്ടർ ടാങ്കുകൾ വർഷങ്ങളോളം വൃത്തിയാക്കാതെയിരിക്കുന്നത് അപകടകരമായ അമീബ വളരുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. മസ്തിഷ്ക ജ്വരം ഉൾപ്പെടെയുള്ള ജലജന്യരോഗങ്ങൾ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി ജലസ്രോതസ്സുകളായ കുളങ്ങളും, തോടുകളും, കിണറുകളും, വാട്ടർടാങ്കുകളും അണുവിമുക്തമാക്കുന്ന "ജലമാണ് ജീവൻ" എന്ന ബഹുജന ക്യാമ്പയിൻ.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഹരിത കേരളം മിഷൻ എന്നിവയുടെ ഏകോപനത്തോടെ സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ആഗസ്‌റ്റ് 30,31 ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്ത് അണുവിമുക്തമാക്കുന്ന പ്രക്രിയയിൽ എല്ലാവരും ജലജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനുള്ള ജനകീയ പങ്കാളികളാവണമെന്നും യജ്ഞത്തിൽ പങ്കാളികളാവണമെന്നും അഭ്യർത്ഥിക്കുന്നു.
ജില്ലാ കലക്ടർ
