കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് മലികുൽ മുളഫർ അവാർഡ്

 


പൊന്നാനി | പൊന്നാനി കേന്ദ്രമായി പ്രവർത്തിക്കുന്ന അസ്സുഫ ദർസ് ഏർപ്പെടുത്തിയ മലിക്കുൽ മുളഫർ അവാർഡ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് നൽകുമെന്ന് കോഴിക്കോട് പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.

 വിദ്യാഭ്യാസ ജീവകാരുണ്യ നവോത്ഥാന രംഗങ്ങളിലെ മികച്ച മാതൃകാ പ്രവർത്തനങ്ങളും പ്രവാചക പ്രകീർത്തനങ്ങളെ സർവ്വവ്യാപകമാക്കുന്നതിന് നടത്തിയ വിവിധ സേവനങ്ങളെയും അടിസ്ഥാനമാക്കിയാണ് കാന്തപുരത്തെ അവാർഡിന് തെരഞ്ഞെടുത്തത്.

 11 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് 2025 സെപ്റ്റംബർ 19 വെള്ളിയാഴ്ച പൊന്നാനിയിൽ നടക്കുന്ന മലികുൽ മുളഫർ വാർഷിക മജ്‌ലിസിൽ വെച്ച് സമ്മാനിക്കും.ലോക ശ്രദ്ധ നേടിയ അനേകം മനുഷ്യാവകാശ ഇടപെടലുകൾ, രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വേണ്ടിയുള്ള നിരന്തര പ്രവർത്തനങ്ങൾ, നിരാശ്രയരായ അനേകായിരം വരുന്ന അനാഥ അഗതികളുടെ സംരക്ഷണം,

 8 പതിറ്റാണ്ട് പിന്നിട്ട മത സാമൂഹിക സാംസ്കാരിക വൈജ്ഞാനിക നവജാകരണ രംഗങ്ങളിലെ സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ വിവിധ പ്രഭാഷണങ്ങൾ ഗ്രന്ഥങ്ങൾ ദേശീയ അന്തർദേശീയ വേദികളിലെ ഉന്നത പങ്കാളിത്തം തുടങ്ങി തുല്യതയില്ലാത്ത കാന്തപുരത്തിന്റെ ബഹുമുഖ പ്രവർത്തനങ്ങളും പ്രവാചക പ്രകീർത്തന രംഗത്ത് നടത്തിയ പ്രഭാഷണം, ഗ്രന്ഥരചന, വിവിധ ക്ലാസുകൾ, പേപ്പർ പ്രസന്റേഷനുകൾ, ദേശീയ- രാജ്യാന്തര കോൺഫറൻസുകൾ മുതലായവയും സ്മര്യ പുരുഷന്റെ മേലുള്ള അവാർഡിന് കാന്തപുരത്തെ തെരഞ്ഞെടുക്കാനുള്ള ഘടകങ്ങളായി ജൂറി വിലയിരുത്തി.

 യു എ ഇ ഭരണാധികാരിയുടെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് സയ്യിദ് അലിയ്യുൽ ഹാഷിമി,മുഫ്തി മുഹാഫളത് മആൻ ശൈഖ് അബ്ദുറഊഫ് അശ്ശാവീശ് ജോർദ്ദാൻ, ചരിത്ര ഗവേഷകനും

കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ.കെ കെ എൻ കുറുപ്പ്,ചരിത്രകാരൻ ഡോ.ഹുസൈൻ രണ്ടത്താണ

എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.വാർത്താ സമ്മേളനത്തിൽ എൻ അലി അബ്ദുള്ള, ഹാജി മുഹമ്മദ് കാസിം കോയ, ഉസ്താദ് ജഅഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം, യു എ റഷീദ് അസ്ഹരി, സക്കീർ ഹുസൈൻ കാസിം അസ്ഹരി സംബന്ധിച്ചു.

Tags

Below Post Ad