പൊന്നാനി: മലപ്പുറം പൊന്നാനിയിൽ ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒന്നര കോടി രൂപ വില വരുന്ന ഹാൻസ് പിടികൂടി.
ഇന്ന് ഉച്ചക്ക് പൊന്നാനി നാഷണൽ ഹൈവേയിൽ നടത്തിയ വാഹന പരിശോധനയിലാണ് 200 വലിയ ചാക്കുകൾ ആയി കടന്നു വന്ന 3 ലക്ഷത്തോളം ഹാൻസ് പാക്കറ്റുകൾ പിടികൂടിയത്. ഹാൻസിന് വിപണിയിൽ ഒന്നരക്കോടി രൂപയോളം വില വരും.
മൈദച്ചാക്കുകൾ ചൂറ്റും വച്ചാണ് ഹാൻസ് കടത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആറ് വിശ്വനാഥ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും വലിയ തോതിലുള്ള ഹാൻസ് ശേഖരം പിടികൂടിയത്.
വാഹനത്തിന്റെ ഡ്രൈവർ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയായ മോഹൻദാസ് 42 വയസ്സ് എന്നയാളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാസർകോട് നിന്നും എറണാകുളം പെരുമ്പാവൂരിലേക്ക് ആണ് ഹാൻസ് കടത്തുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തിരൂർ ഡി വൈ എസ് പി കെ ജെ ജോൺസൺ, മലപ്പുറം ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്പി സിബി. എൻ, ഒ, എന്നിവരുടെ നേതൃത്വത്തിൽ പൊന്നാനി ഇൻസ്പെക്ടർ എസ് അഷറഫ്, സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെ. ആർ, തിരൂർ, താനൂർ ഡാൻസാഫ് ടീമുകൾ, സിപി ഒ രഘൂ, ഐഡ്രിൻ കാർവാലിയോ എന്നിവർ അടങ്ങുന്ന സംഘമാണ് വൻതോതിൽ ലഹരി ശേഖരം പിടികൂടിയത്.
