സൗദിയിൽ അഞ്ചംഗ മലയാളി കുടുംബം മരിച്ചതിന്റെ ആഘാതം വിട്ടുമാറാതെ പ്രവാസി സമൂഹം


 സൗദിയിൽ അഞ്ചംഗ മലയാളി കുടുംബം അപകടത്തിൽ മരിച്ചതിന്റെ ആഘാതം വിട്ടുമാറാതെ പ്രവാസി സമൂഹം. ഭാര്യയും ഭർത്താവും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഗൾഫിലെ വിവിധ രാജ്യങ്ങളിലും, കേരളത്തിലുമുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഉറ്റവരുടെ മരണം താങ്ങാവുന്നതിലുമപ്പുറമാണ്. ജുബൈലിൽ നിന്ന് ജിസാനിലേക്കുള്ള യാത്രക്കിടയിൽ അൽ റെയ്‌ൻ എന്ന സ്ഥലത്ത്‌ ഇന്ന് (ശനി) പുലർച്ചെയാണ് കോഴിക്കോട് ബേപ്പൂർ സ്വദേശി പാണ്ടികശാലകണ്ടി മുഹമ്മദ്‌ ജാബിർ(48), ഭാര്യ ഷബ്‌ന(36), മക്കളായ സൈബ(7), സഹ(5), ലുത്ഫി എന്നിവർ മരിച്ചത്.ഇവർ സഞ്ചരിച്ച കാറിന് പിറകിൽ സൗദി പൗരന്റെ കാർ ഇടിക്കുകയായിരുന്നു.

അബ്ദുൽ ലത്തീഫ് ജമീൽ കമ്പനിയിലെ ഫീൽഡ് ഓഫീസറായിരുന്നു മുഹമ്മദ് ജാബിർ. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് ജിസാനിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. ഇവിടേയ്ക്ക് കുടുംബത്തെ കൂട്ടി മടങ്ങുന്നതിനിടയിലാണ് അപകടം. മറ്റൊരു വാഹനത്തിൽ വീട്ടു സാധനങ്ങൾ ഉൾപ്പെടെ കയറ്റി അയച്ചതിന് ശേഷം സ്വന്തം കാറിലാണ് ജാബിറും കുടുംബവും യാത്ര പുറപ്പെട്ടത്. വീട്ടു സാധനങ്ങൾ ജിസാനിലെത്തിയിട്ടും കുടുംബത്തെ കാണാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ അപകടത്തിൽപ്പെട്ടതായി അറിയുന്നത്. മൃതദേഹങ്ങൾ അൽ റെയ്‌ൻ ജനൽ ആശുപത്രി മോർച്ചറിയിലാണുള്ളത്.


എല്ലാവരോടും സൗമ്യനായി പെരുമാറാറുള്ള ജാബിർ സാമൂഹിക രംഗത്തും സജീവമായി ഇടപെടുന്ന വ്യക്തിയായിരുന്നു. ജോലിയിലും വളരെ ആത്മാർഥത കാണിച്ചിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. റിയാദിലെ സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, അൽ റെയ്നിലെ കെഎംസിസി പ്രവർത്തകൻ ഷൗക്കത്ത്, ജിസാനിലെ സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായി എന്നിവർ മൃതദേഹങ്ങൾ വിട്ടുകിട്ടാനുള്ള തുടർ നടപടികൾ നടത്തിവരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്

ആഴ്ചകളായി ഒരു യാത്രയുടെ ഒരുക്കത്തിലായിരുന്നു മുഹമ്മദ് ജാബിറും ഷബ്നയും. പക്ഷെ ഒരിക്കലും തിരിച്ചു വരാത്ത യാത്രയായിരുക്കുമെന്ന് സുഹൃത്തുക്കളോ ബന്ധുക്കളോ കരുതിയില്ല.

വിധിയുടെ അലംഘനീയ തീരുമാനത്തിന് മുന്നിൽ മനുഷ്യന് ഒന്നും മാറ്റിവെക്കാനാവില്ല എന്നതുപോലെ നാട്ടിലുള്ള കുടുംബം ഒരു മാസം മുമ്പാണ് തിരികെയെത്തിയത്. രണ്ട് മാസങ്ങൾക്ക് മുമ്പ് മുഹമ്മദ് ജാബിർ അവധിക്ക് നാട്ടിലെത്തിയിരുന്നു. ഭാര്യയുടേയും ഇളയ മകളുടേയും താമസ വിസ മാത്രം നിലനിർത്തി മറ്റ് രണ്ട് കുട്ടികളേയും എക്സിറ്റടിച്ച് നേരത്തെ നാട്ടിലയച്ചിരുന്നു. ഇവർക്കുള്ള സന്ദർശക വിസയുമായാണ് ജാബിർ നാട്ടിലെത്തിയത്.

ഒരു മാസത്തെ അവധിക്കാലത്ത് ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടേയുമൊക്കെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. അപ്പോഴൊന്നും ഇതൊരു അവസാന യാത്ര പറച്ചിലാകുമെന്ന് ആരും കരുതിയില്ല. തിരിച്ചെത്തി ഒരു മാസം കഴിഞ്ഞാണ് കുടുംബം ദുബൈ വഴി സൗദിയിലെത്തിയത്.

Tags

Below Post Ad