സഊദിയിൽ നടക്കുന്ന 44-ാമത് എഡിഷൻ ‘ദാക്കർ റാലി’യിൽ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയവരിൽ മലയാളി താരവും. പാലക്കാട് ജില്ലയിലെ ഷൊർണൂർ വാടാനംകുറിശ്ശിക്കടുത്ത കണയം ഗ്രാമത്തിൽ നിന്ന് ഹാരിത് നോഹയാണ് മത്സരത്തിലെ ബൈക്കോട്ട വിഭാഗത്തിൽ മലയാളികൾക്ക് അഭിമാനമായി ഇന്ത്യൻ പതാകയേന്തുന്നത്.
കണയത്തെ കെ.വി മുഹമ്മദ് റാഫിയുടേയും ജർമൻകാരിയായ ഭാര്യ സൂസന്നയുടേയും മകനാണ് ഹാരിത് നോഹ. ചെറുതുരുത്തിയിലെ കേരള കലാമണ്ഡലത്തിൽ സംഗീതം പഠിക്കാനെത്തിയ ജർമനിയിലെ കൊളോൺ സ്വദേശി സൂസന്നയെ ഷൊർണൂർ മുനിസിപ്പൽ ബസ്സ്റ്റാന്റിനു സമീപം ബേക്കറി നടത്തുകയായിരുന്ന കെ.വി മുഹമ്മദ് റാഫി വിവാഹം കഴിക്കുകയായിരുന്നു.
ഇരുവരും പിന്നീട് ജർമനിയിലേക്കു പോവുകയും ഏറെക്കാലം കൊളോണിൽ താമസിക്കുകയും ശേഷം ഹാരിത് നോഹക്ക് രണ്ടുവയസ്സുള്ളപ്പോൾ തിരികെ നാട്ടിലെത്തുകയും കണയം ഗ്രാമത്തിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.