പട്ടാമ്പിയിൽ കാർ കടയിലേക്ക് ഇടിച്ചുകയറി ആറുപേർക്ക് പരിക്കേറ്റു


വഴിയരികിലെ കടയിലേക്ക് കാർ ഇടിച്ചുകയറി ആറുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം 5.45-ന് പെരുമുടിയൂർ പുതിയഗേറ്റിലാണ് അപകടമുണ്ടായത്. പുതിയഗേറ്റ് സെന്ററിൽ പൊരിയും പലഹാരങ്ങളും വിൽക്കുന്ന ഷെഡ്ഡിലേക്ക് തെറ്റായ ദിശയിൽ വന്ന കാർ ഇടിച്ചുകയറുകയായിരുന്നു.

പട്ടാമ്പിയിൽനിന്ന് കൊടുമുണ്ട ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കടയിൽ ആളുകൾ സാധനങ്ങൾ വാങ്ങാൻ നിൽക്കുമ്പോഴാണ് അപകടം. സംഭവത്തിൽ കച്ചവടക്കാരനും സാധനങ്ങൾ വാങ്ങാൻ വന്ന സ്ത്രീയും കുട്ടിയുമുൾപ്പെടെ ആറോളം പേർക്ക് ഗുരുതരപരിക്കേറ്റു. കാറിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കില്ല.

പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കട പൂർണമായും തകർന്നു. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Below Post Ad