ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറിയ എടിഎം കാര്‍ഡുകള്‍ ഇല്ലാതാകുന്നു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി രാജ്യത്തെ എല്ലാ എടിഎമ്മുകളിൽ നിന്നും കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യമൊരുക്കും എന്ന് കഴിഞ്ഞ ദിവസം ആര്‍ബിഐ പ്രഖ്യാപിച്ചു.
നിലവിൽ എസ്ബിഐ, ഐസിഐസിഐ, ആക്‌സിസ്, ബാങ്ക് ഓഫ് ബറോഡ ബാങ്കുകളുടെ എടിഎമ്മിൽനിന്ന് കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യമുണ്ട്.യുപിഐ ഉപയോഗിച്ച് രാജ്യത്തെ എല്ലാ ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
ഇത്തരത്തിൽ പണം പിൻവലിക്കണമെങ്കിൽ ഉപഭോക്താവിന്റെ കൈവശം ബാങ്കിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ ഉള്ള മൈബൈൽ ഫോൺ ഉണ്ടായിരിക്കണം. മൊബൈൽ ബാങ്കിംഗ് ആപ് ഉപയോഗിച്ചും ഈ സേവനം സാധ്യമാക്കാവുന്നതാണ്.
പ്രതിദിനം 10000 മുതൽ 25000 രൂപ വരെയാണ് ഇത്തരത്തിൽ പിൻവലിക്കാനാകുന്നത്. ചില ബാങ്കുകൾ ഈ സേവനത്തിന് ഉപഭോക്താവിൽ നിന്ന് അധികതുക ഈടാക്കുന്നുണ്ട്. ആർബിഐയുടെ പുതിയ പ്രഖ്യാപനത്തോടെ ഇക്കാര്യങ്ങളില്‍ കൃത്യമായ വ്യവസ്ഥകളുണ്ടാകും എന്നാണ് കരുതപ്പെടുന്നത്.