വളാഞ്ചേരി: എം.ഡി.എം.എ എന്ന മാരക ലഹരിമരുന്നുമായി കാറിലെത്തിയ മൂന്നു യുവാക്കൾ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. വെട്ടിച്ചിറ മുഴങ്ങാണി കുറ്റിപ്പുറത്തൊടി മുഹമ്മദ് ഷാഫി ( 30 ), കൊളത്തൂർ പിത്തിനിപ്പാറ സ്വദേശി മാണിയാടത്തിൽ ശ്രീശാന്ത് (24), വളാഞ്ചേരി കാട്ടിപ്പരുത്തി പളളിയാലിൽ സറിൻ എന്ന ബാബു (26) എന്നിവരെയാണ് വളാഞ്ചേരി മത്സ്യ മൊത്ത വിപണ കേന്ദ്രത്തിനു മുൻവശം വച്ച് അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കൽനിന്ന് 163ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. ബംഗളൂരു,ഗോവ എന്നിവിടങ്ങളിൽ നിന്നും എം.ഡി.എം.എ വൻതോതിൽ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെകുറിച്ച് ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്ന് വരികെയാണ് വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജി നേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹന പരിശോധനക്കിടെ യുവാക്കളെ പിടികൂടിയത്.
വളാഞ്ചേരി ഇൻസ്‌പെക്ടർ കെ.ജെ ജിനേഷ്, പ്രൊബേഷനറി എസ്.ഐ ഷമീൽ, തിരൂർ ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.