തിരുമിറ്റക്കോട് : ചാത്തന്നൂരിൽ ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു കടന്നു കളഞ്ഞു.ചാത്തന്നൂർ ഹൈസ്ക്കൂളിന് സമീപം താമസിക്കുന്ന പുഞ്ചയിൽ മുണ്ടി (75) എന്ന വയോധികയുടെ ഒരു പവൻ വരുന്ന മാലയാണ് ബൈക്കിലെത്തിയ മോഷണസംഘം പിടിച്ച് പറിച്ചത്. വീടിന് അടുത്ത് വെച്ച് തന്നെയാണ് സംഭവം നടന്നത്.
ചാത്തനൂർ ഹൈസ്ക്കൂളിൻ്റെയും എൽ.പി.സ്ക്കൂളിലേയും ഇടയിലുള്ള റോഡിൽ വെച്ച് കാലത്ത് പത്തരക്ക് ശേഷമാണ് സംഭവം നടന്നത്. ചാലിശ്ശേരി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നുണ്ട്. തൊട്ടടുത്ത സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരാശോധിക്കുന്നുണ്ട്.
ഹൈസ്ക്കൂൾ പരിസരങ്ങളിലും മറ്റുമായി സാമൂഹ്യ വിരുദ്ധർ പ്രദേശത്ത് ബൈക്കുകളുമായി കറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. സ്ക്കൂൾ തുറന്നതോടെ, സ്കൂളിൻ്റെ സമീപ പ്രദേശങ്ങളിലും, ബസ്സ്റ്റോപ്പുകളിലും സാമുഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിച്ചിട്ടുണ്ടെന്നും ചാത്തനൂർ, കറുകപുത്തൂർ, നാഗലശ്ശേരി പാതകളിൽ പോലീസ് പരിശോധന കർശനമാക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.