പട്ടാമ്പി: മഴ കനത്തതോടെ ഇരുകരയും മുട്ടിയൊഴുകുകയാണ് ഭാരതപ്പുഴ. പട്ടാമ്പി പാലത്തിന്റെ തൂണുകളുടെ പകുതിയിലധികം ഭാഗം വെള്ളമുയർന്നിട്ടുണ്ട്. മലമ്പുഴ അണക്കെട്ടിലെ വെള്ളം കൂടിയെത്തിയതോടെ ജലനിരപ്പ് ഉയർന്നു.
തീരത്തുള്ളവർക്ക് അധികൃതർ ജാഗ്രതാനിർദേശം നൽകി. തൃത്താലയിലെ വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തിയതാണ് തീരവാസികളുടെ ആശ്വാസം.
വ്യാഴാഴ്ച വൈകീട്ടുവരെ പുഴയിൽ ജലനിരപ്പ് കുറവായിരുന്നു. വെള്ളിയാഴ്ച രാവിലെയോടെ ജലനിരപ്പുയർന്നു.
2018-ലും 2019-ലുമുണ്ടായ പ്രളയങ്ങളിൽ പട്ടാമ്പി പാലം കവിഞ്ഞാണ് വെള്ളമൊഴുകിയത്. പട്ടാമ്പി മുതൽ ആനക്കര വരെയുള്ള തീരദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു.
മലമ്പുഴ വെള്ളമെത്തിയ തൂതപ്പുഴയിലും വെള്ളമുയർന്നു. തൂതപ്പുഴയും ഭാരതപ്പുഴയും കൂടിച്ചേരുന്ന കൂട്ടക്കടവിൽനിന്ന് തൂതപ്പുഴയിലെ വെള്ളം മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ട്.
മഴയുടെ തിവ്രത കുറഞ്ഞതിനാൽ നിലവിൽ ആശങ്കപ്പെടാനില്ല .