തൊഴിലില്ലായ്മ പരിഹരിക്കാന്‍ തൊഴില്‍ സഭയ്ക്ക് തുടക്കമിടും : മന്ത്രി എം.ബി. രാജേഷ്


 

കൂറ്റനാട്: സംസ്ഥാനത്തെ  തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാര്‍ തൊഴില്‍സഭയ്ക്ക് തുടക്കമിടുമെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. 

സംസ്ഥാനത്തെ 20,000 വാര്‍ഡുകളില്‍ തൊഴില്‍ അവസരങ്ങള്‍ പരിചയപ്പെടുത്തുകയും പ്രാദേശിക സംരംഭം തുടങ്ങാന്‍ അവസരങ്ങളൊരുക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. തൊഴില്‍സഭയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 20ന് കണ്ണൂരിലെ പിണറായിയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു. 

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് എംപ്ലോയബബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ കൂറ്റനാട് വട്ടേനാട് ജി.വി.എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ലക്ഷ്യ 2022 മെഗാ തൊഴില്‍മേളയും അനുബന്ധ പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും കൂടുതല്‍ തൊഴില്‍ സംരംഭകരെ സൃഷ്ടിക്കാനും പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. നോളജ് എക്കണോമി മിഷന്‍ പദ്ധതിയിലൂടെ ഐ.ടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ 20 ലക്ഷം തൊഴില്‍ സൃഷ്ടിക്കാനാണ് ലക്ഷ്യം. ഇതിനായി കുടുംബശ്രീയെ ഉപയോഗിച്ച് നടത്തിയ സര്‍വ്വേയില്‍ 54 ലക്ഷം തൊഴില്‍ അന്വേഷകരെയാണ് കണ്ടെത്തിയത്. ഇതില്‍ 22 മുതല്‍ 40 വയസ് വരെയുള്ള 27 ലക്ഷം പേരുണ്ട്. കുടുംബശ്രീയെ നവീകരിക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും കുടുംബശ്രീയിലേക്ക് കൗമാരക്കാരെ ആകര്‍ഷിക്കുന്നതിനായി ഓക്‌സിലറി ഗ്രൂപ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് വിപണി സാധ്യതകള്‍ ഒരുക്കുന്നതിന് ആമസോണ്‍ മാതൃകയില്‍ ഷീ സ്റ്റാര്‍ട്ട് പദ്ധതി ആവിഷ്‌കരിക്കും. മികച്ച തൊഴില്‍ യോഗ്യതകള്‍ ഉണ്ടായിട്ടും പ്രയോജനപ്പെടുത്താത്ത വീട്ടമ്മമാരുടെ വലിയ ഒരു ശതമാനം കേരളത്തില്‍ ഉണ്ട്. അവരെ കൂടി ഉൾപ്പെടുത്താനായാൽ  നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു. 

ഒരു വര്‍ഷം ഒരു ലക്ഷം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. നിലവില്‍ 46,000 സംരംഭങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന തൊഴില്‍മേളകള്‍ക്ക് വിശ്വാസ്യത, ആധികാരികത, സുതാര്യത എന്നിവ ഉറപ്പാണ്. രാജ്യത്ത് പി.എസ്.സി. വഴി ഏറ്റവും കൂടുതല്‍ നിയമനം നല്‍കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്വകാര്യ ഏജന്‍സികളില്‍ പലരും തൊഴില്‍മേളകളെ ചൂഷണത്തിനുള്ള ഉപാധികളായി ഉപയോഗിക്കുന്നതായുള പരാതികള്‍ സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തൊഴില്‍മേളയില്‍ 26 പ്രമുഖ സ്വകാര്യ കമ്പനികള്‍ പങ്കെടുത്തു. ബാങ്കിങ്, ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ്, ഐ.ടി., ഡിപ്ലോമ, ബിസിനസ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ഫിനാന്‍സ്, ഇന്‍ഷ്വറന്‍സ് മേഖലകളിലായി രണ്ടായിരത്തോളം ഒഴിവുകളാണുണ്ടായിരുന്നത്. 

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ് അധ്യക്ഷയായി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം. സുനിത, കപ്പൂർ ഗ്രാമ പഞ്ചായത്ത്ബ്ലോ പ്രസിഡണ്ട്ക്ക് ഷറഫുദ്ധിൻ കളത്തിൽ, പഞ്ചായത്ത് അംഗം വി.പി. പ്രിയ, വാര്‍ഡ് മെമ്പര്‍ കെ. സിനി, സ്‌കൂള്‍ പ്രധാനധ്യാപകന്‍ പി.എം. മൂസ, എംപ്ലോയ്‌മെന്റ് ഓഫീസര്‍ എസ്. ബിനുരാജ് എന്നിവര്‍ സംസാരിച്ചു.


Below Post Ad