മലപ്പുറം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞിനെ കാണാൻ പോലും കഴിയാതെ അബ്ദുൾ ഗഫൂർ പോയി. പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയെ കാണാൻ നടന്നുവരുന്നതിനിടെ കുഴഞ്ഞുവീണാണ് അന്ത്യം.
കുന്നുംപുറം പറമ്പില്‍പീടിക സ്വദേശി പെരിഞ്ചേരി കുളപ്പുരയ്ക്കല്‍ കുഞ്ഞിമൊയ്തീന്‍, സൈനബ ദമ്പതികളുടെ മകനാണ് മരിച്ച 34 കാരൻ അബ്ദുല്‍ ഗഫൂര്‍. ഭാര്യ നസീബയെ ചെമ്മാട്ടെ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നു.
ഗഫൂറും ഭാര്യക്കൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു. പുറത്ത് കാറില്‍ കിടന്നുറങ്ങിയ ഗഫൂര്‍ രാവിലെ ഭാര്യയുടെ അടുത്തേക്ക് വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഉടന്‍ തന്നെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭർത്താവ് മരിച്ചതറിയാതെ വൈകിട്ടോടെ നസീബ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ടായത്.
പറമ്പില്‍പീടിക സ്റ്റാര്‍ ജങ് ഷനില്‍ മൊബൈല്‍ ഷോപ് നടത്തുകയായിരുന്നു അബ്ദുല്‍ ഗഫൂര്‍.