നഷ്ടപ്പെട്ടത് 20 പവൻ സ്വർണം. മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പോലീസിന്റെ മൂന്നാം കണ്ണ്.


 

തൃശൂർ പെരിങ്ങാവിലെ ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ സ്വദേശത്തെ വീട്ടിലേക്ക് പോകാനായി വീടുപൂട്ടി പോകുമ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണാഭരണങ്ങളും ബാഗിലേക്ക് എടുത്തുവെച്ചു.

പെരിങ്ങാവ് ജംഗ്ഷനിൽ നിന്നും ഒരു ഓട്ടോറിക്ഷ കൈകാണിച്ച് നിർത്തി, എല്ലാവരും അതിൽ കയറി, നേരെ ശക്തൻ ബസ് സ്റ്റാൻഡിൽ ചെന്നിറങ്ങി.

കുറ്റിപ്പുറത്തേക്കുള്ള ദീർഘദൂര ബസ്സിൽ കയറി സീറ്റിലിരുന്നപ്പോഴാണ് സ്വർണാഭരണങ്ങൾ സൂക്ഷിച്ച ബാഗ് കാണാനില്ലെന്ന് മനസ്സിലായത്. അവർ കയറിയ ഓട്ടോറിക്ഷയിൽ നിന്നും ധൃതിയിലിറങ്ങിയപ്പോൾ ബാഗ് എടുക്കാൻ മറന്നു.

അവർ ആകെ അങ്കലാപ്പിലായി.  ബസ്സിൽ നിന്നും ചാടിയിറങ്ങി, ഉടൻതന്നെ അവർ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ സ്ഥലത്ത് അന്വേഷിച്ചു. അപ്പോഴേക്കും ഓട്ടോറിക്ഷ തിരിച്ചു പോയിരുന്നു. അവർ കയറിയ ഓട്ടോറിക്ഷയെ കുറിച്ച് പ്രത്യേകിച്ച് ഒരു അടയാളവും അവർക്ക് ഓർമ്മയില്ലായിരുന്നു.

ഇരുപത് പവൻ സ്വർണാഭരണങ്ങളാണ് ബാഗിലുണ്ടിയിരുന്നത്. അവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷക്കാരോടും കൂടി നിന്നവരോടും വിവരം പറഞ്ഞു. അവർ സഞ്ചരിച്ച ഓട്ടോറിക്ഷ കണ്ടെത്തുന്നതിന്  യാതൊരു സൂചനയും ലഭിക്കാതായതോടെ അവർ തൃശൂർ സിറ്റി പോലീസ് കൺട്രോൾ റൂമിൽ എത്തുകയുണ്ടായി.

ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ അവരോട് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കി, ലഭ്യമായ വിവരങ്ങൾ പോലീസിന്റെ ക്യാമറ നിരീക്ഷണ വിഭാഗത്തിലേക്ക് കൈമാറി.

അവർ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ അടയാളങ്ങളോ, രജിസ്ട്രേഷൻ നമ്പറോ ഒന്നും അവർക്ക് അറിയുമായിരുന്നില്ല. അവർ ഓട്ടോയിൽ സഞ്ചരിച്ച സമയവും റൂട്ടും പോലീസുദ്യോഗസ്ഥർ അവരിൽ നിന്നും ചോദിച്ചു മനസ്സിലാക്കി. അവർ ചെമ്പൂകാവിൽ നിന്നും യാത്രചെയ്ത് പാറേമക്കാവ് ക്ഷേത്ര പരിസരത്തേക്ക് എത്തുന്നതിനിടയിൽ ഓട്ടോറിക്ഷക്ക് പിറികിലായി ഒരു അനൌസ്മെൻറ് വാഹനം ഉണ്ടായിരുന്നു എന്നും അവർ ഓർത്തെടുത്തു.

അവർ സഞ്ചരിച്ച സമയവും, റൂട്ടും സൂചനകളും മനസ്സിലാക്കി പോലീസുദ്യോഗസ്ഥർ,  നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ദൃശ്യങ്ങൾ ഓരോന്നായി പരിശോധിച്ചു. മാത്രവുമല്ല, നിശ്ചിത സമയത്തിനുള്ളിൽ അതുവഴി സഞ്ചരിച്ച  മുഴുവൻ ഓട്ടോറിക്ഷകളുടേയും രജിസ്ട്രേഷൻ നമ്പറുകൾ ക്യാമറദൃശ്യങ്ങളിൽ നിന്നും ശേഖരിക്കുവാനായി. രജിസ്ട്രേഷൻ രഖകളിൽ നിന്നും ഓട്ടോറിക്ഷ ഉടമസ്ഥരുടേയും ഡ്രൈവർമാരുടേയും മൊബൈൽ ഫോൺ നമ്പറുകളും ലഭിച്ചു. കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ചതോടെ, യാത്രക്കാർ സഞ്ചരിച്ച ഓട്ടോറിക്ഷ കൃത്യമായി മനസ്സിലാക്കുവാൻ കഴിയുകയും, ഓട്ടോറിക്ഷ ഡ്രൈവറെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ട്, പോലീസ് കൺട്രോൾ റൂമിലേക്ക്  എത്തുവാൻ നിർദ്ദേശിക്കുകയും ചെയ്തു. അയാൾ ഓട്ടോറിക്ഷയുമായി അൽപ്പസമയത്തിനകം തന്നെ അവിടേക്ക് എത്തി.

തന്റെ ഓട്ടോറിക്ഷയിൽ കയറിയ യാത്രക്കാർ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് മറന്നു വച്ചത് ഓട്ടോറിക്ഷ ഡ്രൈവറും അറിഞ്ഞിരുന്നില്ല. അങ്ങിനെ, പോലീസ് കൺട്രോൾ റൂമിലെ പോലീസുദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ യാത്രക്കാരുടെ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് കൈമാറി.

തൃശൂർ കോർപ്പറേഷന്റെ സഹകരണത്തോടെ തൃശൂർ സിറ്റി പോലീസ്,  നഗരത്തിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ആധുനിക ക്യാമറ നിരീക്ഷണ സംവിധാനം എങ്ങനെയാണ് സാധാരണക്കാരന് ഉപകാരപ്രദമാകുന്നതെന്ന് ഈ ചെറിയ സംഭവം തെളിയിക്കുന്നു.

ക്യാമറ നിരീക്ഷണ വിഭാഗത്തിൽ പ്രവൃത്തിയെടുക്കുകയും സ്വർണാഭരണമടങ്ങിയ ബാഗ് കണ്ടെത്തി നൽകിയ സിവിൽ പോലീസ് ഓഫീസർമാരായ സി. രഞ്ജിത്ത്, ഐ.ആർ. സുരേഷ്, ആർ. അതുൽ ശങ്കർ, ജിതിൻ രാജ്, പി. ജിതിൻ എന്നിവർക്ക് തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ.

Below Post Ad