ബസ് യാത്രയ്‌ക്കിടെ ലൈംഗികാതിക്രമം; പ്രതിക്ക്‌ മൂന്നുവർഷം കഠിനതടവും പിഴയും


 

പട്ടാമ്പി: ബസ് യാത്രയ്‌ക്കിടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 51 കാരന് മൂന്നുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ.

മുക്കാലി കള്ളമല പത്തായപ്പുരയ്ക്കൽ ഗോപാലകൃഷ്ണനാണ് പട്ടാമ്പി പോക്‌സോ അതിവേഗകോടതി ജഡ്‌ജി സതീഷ്‌കുമാർ ശിക്ഷവിധിച്ചത്. 2020-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബസിൽ യാത്രചെയ്തിരുന്ന പെൺകുട്ടിയെ ഗോപാലകൃഷ്ണൻ ലൈംഗികമായി ഉപദ്രവിക്കയായിരുന്നെന്നാണ് പരാതി.

 കോങ്ങാട് പോലീസ് രജിസ്റ്റർചെയ്ത കേസിൽ സർക്കിൾ ഇൻസ്‌പെക്ടർമാരായ കെ.സി. വിനു, എ.ജെ. ജോൺസൺ, എസ്.ഐ. ഉദയകുമാർ എന്നിവരാണ് അന്വേഷണംനടത്തി കുറ്റപത്രം സമർപ്പിച്ചത്. പിഴസംഖ്യ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായിട്ടുണ്ട്.

കേസിൽ പ്രോസിക്യൂഷനുവേണ്ടി നിഷ വിജയകുമാർ ഹാജരായി.പട്ടാമ്പി പോലീസ് സ്‌റ്റേഷനിലെ സിവിൽപോലീസ് ഓഫീസർ മഹേശ്വരി, കോങ്ങാട് സ്‌റ്റേഷനിലെ സി.പി.ഒ. പ്രമോദ് എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.


Below Post Ad