കൂറ്റനാട്: മോട്ടോർസൈക്കിൾ വില്പനകേന്ദ്രത്തിലേക്ക് കാർ പാഞ്ഞുകയറി 10 ബൈക്കുകൾ തകർന്നു. കടയുടെ മുന്നിൽ വില്പനയ്ക്കായി പ്രദർശിപ്പിച്ചിരുന്ന ബൈക്കുകളുടെ കൂട്ടത്തിലേക്കാണ് കാർ പാഞ്ഞുകയറിയത്.
തിരുമിറ്റക്കോട് ഇരുമ്പകശ്ശേരി യു.പി. സ്കൂളിനടുത്തുള്ള സിറ്റി ഓട്ടോക്രാഫ്റ്റ് ബൈക്ക് ഷോറൂമിലേക്കാണ് കാറിടിച്ചുകയറിയത്. രായമംഗലം സ്വദേശിയായ പടിഞ്ഞാക്കര മുഹമ്മദാലിയുടെ (മണി) കാറാണ് അപകടത്തിനിടയാക്കിയത്.
ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു ഇരുചക്രവാഹനവും അപകടത്തിൽ കുടുങ്ങി. ആറങ്ങോട്ടുകരയിൽനിന്ന് കുടുംബാംഗങ്ങൾക്കൊപ്പം ആശുപത്രിയിൽ പോയി മടങ്ങിവരുകയായിരുന്നു.
കാറിലെ യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. ഡ്രൈവറെ കൂടാതെ രണ്ടുവയസ്സായ കുട്ടി ഉൾപ്പെടെ മൂന്നുപേർ വാഹനത്തിലുണ്ടായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗവും വാതിലുകളും പൂർണമായും തകർന്നു.
ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മിക്കനേരങ്ങളിലും നിരത്തിവെച്ച വാഹനത്തിന് സമീപം ആവശ്യക്കാരും സെയിൽസ്മാൻമാരും ഉണ്ടാകാറുണ്ട്. അപകടസമയത്ത് പക്ഷേ, കടയുടെ മുൻഭാഗത്ത് ആളുകളില്ലാതിരുന്നതിനാൽ ആളപായമൊഴിവായി. ഷോറൂമിലെ നിരീക്ഷണക്യാമറയിൽ പതിഞ്ഞ അപകടദൃശ്യം മിനിറ്റുകൾക്കുള്ളിൽ വൈറലായി.