മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ കേരളത്തിന്റെ ഫുട്ബോൾ ആവേശത്തെ കണ്ണിചേർക്കുക ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
തൃത്താല സോക്കർ കാർണിവലിന്റെ ഭാഗമായി തൃത്താല ഡോ. കെ.ബി മേനോൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച എൻ.എസ് മാധവന്റെ ഹിഗ്വിറ്റ കഥയുടെ നാടകാവിഷ്കാര പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ചെറുപ്പക്കാരെയും കൗമാരക്കാരെയും മയക്കുമരുന്ന് പോലുള്ള വിപത്തിന്റെ പിടിയിൽ നിന്നും മോചിപ്പിക്കാൻ അവരുടെ ഊർജ്ജത്തെ കായിക വിനോദങ്ങളിലേക്കും സർഗാത്മക മേഖലകളിലേക്കും വഴി തിരിച്ചുവിടുകയാണ് ലക്ഷ്യമെന്നും കാർണിവലിന്റെ ഭാഗമായി മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഐക്യപ്പെടുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നവംബർ ഏഴ് മുതൽ 20 വരെ തൃത്താല മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സോക്കർ കാർണിവലിന്റെ ഭാഗമായാണ് എൻ.എസ് മാധവൻ രചിച്ച ഹിഗ്വിറ്റയുടെ നാടകാവിഷ്കാരം അരങ്ങിലെത്തിയത്. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയഗിരി നാടകത്തിൽ കഥാപാത്രമായി അരങ്ങിലെത്തി.
ഫുട്ബോൾ കോർട്ടിന്റെ മാതൃകയിൽ തീർത്ത വേദിയിൽ അവതരിപ്പിച്ച നാടകം കാണികൾക്ക് വേറിട്ട അനുഭവമായി. പരിപാടിയുടെ ഭാഗമായി ഫ്ലാഷ് മോബ്, നാസർ മാലിക്കിന്റെ മ്യൂസിക് ഫ്യൂഷൻ അവതരണവും നടന്നു.
തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോൾ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ.പി ശ്രീനിവാസൻ, എ. കൃഷ്ണകുമാർ, കുബ്റ ഷാജഹാൻ, സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദലി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.