ദില്ലി: വിദേശത്ത് നിന്നെത്തുന്ന വിമാനയാത്രക്കാര്‍ക്ക് വീണ്ടും കൊവിഡ് പരിശോധന. നാളെ മുതല്‍ രാജ്യത്ത് എത്തുന്ന ഓരോ വിമാനത്തിലെയും രണ്ട് ശതമാനം യാത്രക്കാരില്‍ പരിശോധന നടത്തും.
പരിശോധനയ്ക്ക് വിധേയരാക്കേണ്ടത് ആരെയെന്ന് തീരുമാനിക്കുന്നത് വിമാന കമ്പനികൾ ആണ്. ഇത് സംബന്ധിച്ച് വ്യോമയാന സെക്രട്ടറിക്ക് ആരോഗ്യ സെക്രട്ടറി കത്തയച്ചു.
അതേസമയം, ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ തത്ക്കാലം റദ്ദാക്കില്ല. ആദ്യ ഘട്ടത്തില്‍ രണ്ട് ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഈ ഫലം ഒരാഴ്ച്ച നിരീക്ഷിച്ച ശേഷമാകും തുടർ നടപടികൾ.
വരും ദിവസങ്ങളിൽ ആവശ്യമെങ്കിൽ വിദേശത്ത് നിന്നെത്തുന്നവർക്കെല്ലാം പരിശോധന നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി ഇന്ന് രാജ്യസഭയിൽ പറഞ്ഞു. ചൈനയിൽ കൊവിഡ് കുതിച്ചുയരാൻ കാരണമായ ഓമിക്രോൺ ഉപവകഭേദമായ ബിഎഫ് 7 ൻ്റെ നാല് കേസുകൾ ഇന്ത്യയിൽ സ്ഥിരീകരിച്ചിരുന്നു.