തൃശ്ശൂർ: തൃശ്ശൂരിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന എൽത്തുരുത്ത് സ്വദേശികളാണ് മരിച്ചത്. തൃശ്ശൂർ എറവ് സ്കൂളിന് സമീപമാണ് അപകടം. കാഞ്ഞാണിയിൽനിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന കാറും വാടാനപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
ഇടുങ്ങിയ വഴിയിലൂടെ മറ്റൊരു കാറിനെ മറികടന്ന് മുന്നോട്ട് പോകുന്നതിനിടെയാണ് എതിർദിശയിൽനിന്ന് വന്ന ബസിൽ കാർ ഇടിച്ചുകയറിയത്. ഉടനെ തന്നെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. കാറിന്റെ മുൻവശം പൂർണമായും തകർന്ന അവസ്ഥയിലായിരുന്നു.
വളരെ പണിപ്പെട്ടാണ് കാർ യാത്രികരെ പുറത്തേക്ക് എടുത്തത്. രണ്ടുപേരെ തൃശ്ശൂർ നഗരത്തിലെ അശ്വിനി ആശുപത്രിയിലും രണ്ട് പേരെ ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എൽത്തുരുത്ത് സ്വദേശി വിൻസന്റ്, ഭാര്യ മേരി, തോമസ്, ജോർജി എന്നിവരാണ് മരിച്ചത്. മരിച്ചവർ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്