മലപ്പുറം: സ്കൂൾ ബസിൽനിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂൾ വിദ്യാർഥിനി ഗുഡ്സ് ഓട്ടോ ഇടിച്ച് മരിച്ചു. താനൂർ നന്നമ്പ്ര എസ്.എൻ. യുപി സ്കൂൾ വിദ്യാർഥിനി പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകൾ ഷഫ്ന ഷെറിൻ ആണ് ദാരുണമായി മരിച്ചത്.
താനൂർ തെയ്യാല പാണ്ടിമുറ്റത്ത് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്. സ്കൂളിൽനിന്ന് വീട്ടിലേക്കുവരികയായിരുന്നു ഷഫ്ന. സ്കൂൾ ബസിൽനിന്ന് ഇറങ്ങി വാഹനത്തിന് പിന്നിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിർ ദിശയിൽനിന്നു വന്ന ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.