റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് അവരുടെ കൂടുതല്‍ ബന്ധുക്കളെ സന്ദര്‍ശന വിസയില്‍ കൊണ്ടുവരാന്‍ അവസരം.
നേരത്തെ ലഭിക്കാതിരുന്ന ഏതാനും വിഭാഗങ്ങളെ കൂടി വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി.
മാതാപിതാക്കള്‍, ഭാര്യ, മക്കള്‍, ഭാര്യയുടെ മാതാപിതാക്കള്‍ എന്നിരെ മാത്രമാണ് കൊണ്ടുവരാൻ ആദ്യം അനുമതിയുണ്ടായിരുന്നത്. പിന്നീട് ‘മറ്റുള്ളവര്‍’ എന്ന വിഭാഗത്തിൽ ഏതാനും ബന്ധുക്കളെ കൊണ്ടുവരാനുള്ള അനുമതിയായിരുന്നു. ഇപ്പോൾ പട്ടിക വിപുലപ്പെടുത്തിയിരിക്കുകയാണ്.
മാതൃസഹോദരന്‍, മാതൃസഹോദരി, പിതൃസഹോദരന്‍, പിതൃസഹോദരി, പിതാമഹന്‍, മുത്തശ്ശി, പേരമക്കള്‍, സഹോദരരുടെ മക്കൾ എന്നിവരെ കൂടിയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ വിദേശികളുടെ ഏതാണ്ടെല്ലാ ബന്ധുക്കള്‍ക്കും കുടുംബ വിസയില്‍ സൗദി സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. അതിന് പുറമെ മറ്റുള്ളവര്‍ എന്ന കോളം കൂടിയുണ്ട്. മുകളിൽപറഞ്ഞ പട്ടികയിൽ ഇല്ലാത്ത ബന്ധുക്കളെ കൂടി ചേര്‍ക്കാനാണിത്.
ഒരു മാസം മുമ്പ് വരെ മാതൃ, പിതൃസഹോദരി സഹോദരന്മാര്‍ക്ക് വേണ്ടി നല്‍കിയിരുന്ന വിസ അപേക്ഷ തള്ളിയിരുന്നു. എന്നാല്‍ ഇപ്പോൾ അവര്‍ക്കും വിസ ലഭിക്കുന്നുണ്ട്.
അപേക്ഷകന് അവരുമായുള്ള ബന്ധം വിസ സ്റ്റാമ്പിങ് നടപടിക്കിടെ സൗദി കോണ്‍സുലേറ്റിനെ ബോധ്യപ്പെടുത്തേണ്ടിവരും. അതിനുള്ള രേഖകൾ ഹാജരാക്കണം.