കൂറ്റനാട് : വൻ പദ്ധതിക്ക് വേണ്ടിയുള്ള മണ്ണ് കടത്തൽ മൂലം ഗ്രാമനിവാസികളും യാത്രക്കാരും മാസങ്ങളായി ദുരിതം അനുഭവിക്കുന്നു . പട്ടിത്തറ പഞ്ചായത്തിലെ കക്കാട്ടിരി ധർമ്മഗിരി കയറ്റത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിയിലെ കുന്നിടിച്ചാണ് ഒരു മാസത്തിലധികമായി തകൃതിയായി മണ്ണെടുപ്പ് നടക്കുന്നത് .
വലിയ ടോറസ് വാഹനങ്ങളിലാണ് മണ്ണ് കടത്തുന്നത് . മണ്ണെടുക്കുന്നത് മൂലവും, വാഹനങ്ങളുടെ ചീറിപായലും മൂലം അസഹനീയമായ പൊടിശല്യമാണ് പരിസര വാസികളെയും യാത്രക്കാരെയും വലക്കുന്നത് .
കഴിഞ്ഞ ഒരു വർഷത്തിലധികമായി കക്കാട്ടിരി മല വട്ടത്താണി റോഡിൻ്റെ നവീകരണ പ്രവൃത്തികൾ നടക്കുകയാണ് .റോഡിൻ്റെ ഭൂരിഭാഗവും പൊളിച്ചിട്ടിരിക്കുന്നതിനാൽ യാത്ര ഏറെ ദുർഘടവും അന്തരീക്ഷം പൊടിപടലങ്ങൾ നിറഞ്ഞ് പ്രദേശവാസികളുടെ ആരോഗ്യം തന്നെ താറുമാറായ അവസ്ഥയിലാണ്
റോഡ് സൈഡിൽ താമസിക്കുന്നവരിൽ പലരും പൊടിശല്യം മൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉടലെടുത്തിരിക്കുകയാണ് .
കുട്ടികളെയാണ് ഏറെ വലക്കുന്നത്.
ഇതിനിടയിലാണ് ഹൈവേ വികസനത്തിൻ്റെ പേരിൽ മണ്ണ് ലോബി രംഗത്തെത്തിയിരിക്കുന്നത്.
മണ്ണ് എടുക്കുന്ന ഭാഗത്ത് കൂടി ഒരു വാഹനം കടന്ന് പോയാൽ പൊടി മുഴുവൻ വായുവിലേക്ക് ഉയരുകയും മൂടൽമഞ്ഞ് പോലെ വ്യാപിച്ച് കാഴ്ച മറക്കുകയും ചെയ്യുകയാണ് . ഇത് പല അപകടങ്ങൾക്കും കാരണമാകുന്നു.
റോഡ് നവീകരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാത്തതിനാൽ നാട്ടുകാർ അനുഭവിക്കുന്ന ദുരിതത്തിന് പുറമേയാണ് മണ്ണെടുപ്പ് മൂലം ഉണ്ടാകുന്ന ദുരന്തം ഇപ്പോൾ കൂനിൻമേൽ കുരുപോലെ ജനങ്ങൾ അനുഭവിക്കുന്നത് .
ജൽ ജീവൻ പദ്ധതിക്ക് വേണ്ടി പൈപ്പ് ഇടൽ പ്രക്രിയ നടക്കുന്നതിനാൽ റോഡിൻ്റെ ഓരങ്ങളിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നതും വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട് .
സാധാരണക്കാരന് ഒരു അഞ്ച് സെൻ്റ് ഭൂമി നികത്താനോ വീട് നിർമ്മാണത്തിന് വേണ്ടി മണ്ണ് അടിക്കാനോ അനുമതി നൽകാൻ നൂറ് കാരണങ്ങൾ നിരത്തുകയും നിയമവിരുദ്ധമായി ചെയ്താൽ വൻ പിഴ ഈടാക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ ലോബി ജനജീവിതം തന്നെ ദുസ്സഹമാക്കുന്ന ഇത്തരം ചെയ്തികൾക്ക് നേരെ കണ്ണടക്കുന്നത് എന്തിൻ്റെ പേരിലാണ്.രാഷ്ട്രീയ പാർട്ടികളും പരിസ്ഥിതി സംരക്ഷകരും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടി .
റിപ്പോർട്ട് : പാദുക നൗഷാദ്