ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് അപകടം: ബൈക്കിന് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം


 

ദേശീയപാത 66 വാടാനപ്പള്ളി തളിക്കുളം കച്ചേരിപ്പടിയിൽ ബൈക്കും മിനി ടെമ്പോയും കൂട്ടിയിടിച്ച് ബൈക്കിന് തീ പിടിച്ചു. ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. 

ചേറ്റുവ സ്വദേശി പണിക്ക വീട്ടിൽ മെഹബൂബിന്റെ മകൻ റിസ്വാൻ (25) ആണ് മരിച്ചത്. രാത്രിയിലായിരുന്നു അപകടം. ടെമ്പോയിലുണ്ടായിരുന്ന തളിക്കുളം, വളാഞ്ചേരി സ്വദേശികളായ മൂന്ന് പേരെ പരിക്കുകളോടെ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിൽ പ്രവേശിച്ചു. 

മറ്റു വാഹനങ്ങളെ മറികടന്ന് വന്ന ബൈക്ക് എതിരെ വന്നിരുന്ന ടെമ്പോയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ടെമ്പോ മറിഞ്ഞു. ബൈക്കിന് തീപിടിക്കുകയും ചെയ്തു. യുവാവ് സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 

തളിക്കുളം ആംബുലൻസ് പ്രവർത്തകരും, 108 കനിവ് ആംബുലൻസ് പ്രവർത്തകരുമാണ് അപകടത്തിൽപെട്ടവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. റിസ്വാന്റെ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.

Below Post Ad