തൃത്താല മണ്ഡലം നവകേരളസദസ്സ് നാളെ ചാലിശ്ശേരിയിൽ;ഒരുക്കങ്ങൾ പൂർത്തിയായി

 


കൂറ്റനാട് : തൃത്താല മണ്ഡലത്തിലെ നവകേരള സദസ്സ് നാടിൻ്റെ ഉത്സവമാക്കി മാറ്റുന്നതിനു  ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ. മണ്ഡലത്തിൽ സംസ്‌ഥാന പാതയോരത്ത് ചാലിശ്ശേരി അൻസാരി ഓഡിറ്റോറിയത്തിലാണ് നാളെ നവകേരള സദസ്സ് നടക്കുന്നത്. 

രാവിലെ 8 മണി മുതൽ പ്രത്യേകം ഒരുക്കിയ കൗണ്ടറുകളിൽ പരാതികളും അപേക്ഷകളും സ്വീകരിക്കും. 20 കൗണ്ടറുകളാണ് ഒരുക്കിയിട്ടുള്ളത്. വയോജനങ്ങൾ, വികലാംഗർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. 

10.30ന് മന്ത്രിമാരും മുഖ്യമന്ത്രിയും സദസ്സിൽ എത്തും. പരാതികൾ കൗണ്ടറിൽ നൽകിയാൽ രശീതി ലഭിക്കും . വരുന്നവർക്ക് ശുദ്ധജലം,പ്രാഥമിക കൃത്യനിർവഹണത്തിനുള്ള സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. 5000 പേർക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്.


നവകേരള സദസ്സിന്റെ വരവറിയിച്ചുകൊണ്ട് മാരത്തൺ, പ്രമുഖ  കലാകാരൻമാരുടെ ചിത്രരചന, കൂട്ടനടത്തം, ഫ്ലാഷ് മോബ്, കുടുംബശ്രീ വനിതകളുടെ ബൈക്ക് റാലി, വിളംബര ഘോഷയാത്ര എന്നിവ ഓരോ ദിവസങ്ങളിലായി നടക്കുന്നുണ്ട്.
സദസ്സ് നടത്തുന്ന സ്ഥലത്തിന്റെയും പരിസരത്തെയും സുരക്ഷ വിലയിരുത്തുന്നതിന് പൊലീസ് ഉന്നത സംഘം സ്‌ഥലത്തെത്തിയിരുന്നു.

അപേക്ഷ നൽകുമ്പോൾ ശ്രദ്ധിക്കാം.

ചാലിശ്ശേരി : നവകേരളസദസ്സിൽ അപേക്ഷ നൽകുന്നവർ നിർബന്ധമായും ഫോൺനമ്പറും പിൻകോഡ് സഹിതമുള്ള മേൽവിലാസവും എഴുതണം. മുഖ്യമന്ത്രിയുടേയോ അതത് വകുപ്പുമന്ത്രിയുടെയോ പേരിൽ അപേക്ഷയെഴുതാം.ഏതുവിഷയങ്ങളിലെ പരാതിയും അപേക്ഷയിൽ നൽകാം. ഭിന്നശേഷിക്കാർ അപേക്ഷ നൽകാൻ നേരിലെത്തണമെന്നില്ല. ബന്ധപ്പെട്ട ആരെങ്കിലും കൗണ്ടറിലെത്തിച്ച് രശീതി വാങ്ങിയാൽ മതി.

 🔺മറക്കല്ലേ

🔸അപേക്ഷകൾ കൗണ്ടറുകളിൽതന്നെ നൽകുക. സദസ്സ് തുടങ്ങുന്നതിന്റെ മൂന്നുമണിക്കൂർ മുമ്പ് കൗണ്ടർ തുറക്കും

 🔸വ്യത്യസ്ത ആവശ്യത്തിനുള്ള അപേക്ഷകൾ പ്രത്യേകം അപേക്ഷയായി നൽകണം.

🔸ഭിന്നശേഷിക്കാർ പ്രത്യേകമായുള്ള കൗണ്ടറിൽ നൽകി രശീതി വാങ്ങണം

 🔸നേരത്തേ നൽകിയ അപേക്ഷകളെപ്പറ്റിയുള്ള അന്വേഷണമാണെങ്കിൽ പഴയ ഫയൽ നമ്പറോ മറ്റുരേഖകളോ കൂടെ സമർപ്പിക്കണം

🔸 മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെയും ആധാർകാർഡിന്റെയും പകർപ്പ് അപേക്ഷയോടൊപ്പമുണ്ടാകണം

 🔸ചികിത്സാസഹായത്തിനുള്ള അപേക്ഷകളുടെകൂടെ ഡോക്ടറുടെ ഡോക്ടറുടെ കുറിപ്പടിയും ബില്ലുകളും ഉൾപ്പെടുത്താം

Tags

Below Post Ad