കുറ്റിപ്പുറം : കാർത്തല മാമ്പാറ പുലേയങ്ങാട് മഖാമിലെ ഭണ്ഡാരത്തിൽ നിന്ന് പശ പുരട്ടിയ കമ്പി ഉപയോഗിച്ച് പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ. കുറ്റിപ്പുറം എടച്ചലം സ്വദേശി വരിക്കപുലാക്കൽ അബ്ദുൾ റസാക്കിനെയാണ് (50) കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
നിരവധി തവണ മഖാമിലെ ഭണ്ഡാരത്തിൽനിന്ന് പണം മോഷണം പോയിരുന്നു. ഇതിനെ തുടർന്ന് ഇവിടെ സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചെങ്കിലും ഈ ക്യാമറ പിന്നീട് തകർക്കപ്പെട്ടിരുന്നു. അതിനുശേഷം പുതിയ സി.സി.ടി.വി. ക്യാമറ പെട്ടെന്ന് കാണാൻ കഴിയാത്തരീതിയിലാണ് ഇവിടെ സ്ഥാപിച്ചിരുന്നത്.
ഇത് മോഷ്ടാവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം മഖാമിലെത്തിയ അബ്ദുൾ റസാക്കിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് സി.സി.ടിവി. ക്യാമറ പരിശോധിച്ചത്.
മഖാം പ്രസിഡന്റ് മൊയ്തീന്റെ പരാതിയിൽ കുറ്റിപ്പുറം സർക്കിൾ ഇൻസ്പെക്ടർ കെ. നൗഫലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വ്യാഴാഴ്ച ഉച്ചയോടെ അബ്ദുൾ റസാക്കിനെ വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു.