കുന്നംകുളം: സ്ത്രീയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പ്രതി മുതുവറ സ്വദേശി കണ്ണനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
മോഷണശ്രമത്തിനിടെയാണ് ആർത്താറ്റ് സ്വദേശി സിന്ധു(55) കൊല്ലപ്പെട്ടത്. സിന്ധുവിന്റെ സ്വർണാഭരണങ്ങൾ പ്രതിയിൽ നിന്ന് കണ്ടെടുത്തു
ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. 55കാരിയായ സിന്ധുവിന്റെ ഭർത്താവ് വീട്ടു സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയ സമയത്താണ് സംഭവം നടന്നിട്ടുള്ളത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഗൾഫിലായിരുന്ന 55കാരിയുടെ ഭർത്താവ് മണികണ്ഠൻ നാട്ടിൽ വന്ന ശേഷം വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു. മരിച്ച സിന്ധുവാണ് മില്ലിൻ്റെ നടത്തിപ്പ്.
വെകുന്നേരം ഇവരുടെ വീടിനടുത്ത് ഒരു യുവാവിനെ മാസ്ക് വച്ച് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ബഹളം കേട്ട് അയൽവീട്ടിലെ സ്ത്രീ ശ്രദ്ധിച്ചപ്പോൾ സിന്ധുവിന്റെ വീട്ടിൽ നിന്ന് മാസ്ക് ധരിച്ച ഒരാൾ വീടിൻ്റെ അടുക്കള ഭാഗത്ത് നിന്നിറങ്ങി പാടം വഴി നടന്നു പോകുന്നത് കണ്ടിരുന്നു. പിന്നീട് ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. വെട്ടേറ്റ് കഴുത്ത് അറുത്തു മാറ്റിയ നിലയിലാണ് ഇവരുടെ മൃതദേഹം കിടന്നിരുന്നത്.
സിന്ധുവിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. വീടിനകത്ത് മൽപിടുത്തം നടന്ന അടയാളങ്ങളുമുണ്ടായിരുന്നു. സിന്ധുവിന് രണ്ട് മക്കളാണുള്ളത്. മകൾ വിവാഹിതയാണ്. മകൻ ജോലി സംബന്ധമായി മറ്റൊരു സ്ഥലത്താണുള്ളത്