മധ്യസ്ഥക്കാരൻ പയ്യനാട് പാപ്പൻ | മുജീബ് തൃത്താല - ജിദ്ദ

 



പ്രവാസ ലോകത്ത് പാറി നടക്കുന്ന പയ്യനാട് പാപ്പൻ പ്രവാസികൾക്ക് തന്നെ പ്രിയങ്കരനായത് കൊണ്ടും എത്തിപ്പെടേണ്ട സ്ഥലത്തൊക്കെ ഓടിയെത്തുക എന്നൊരു ശീലമുള്ളത് കൊണ്ടും പരിചയപ്പെട്ടവർക്കൊക്കെ എന്നും പ്രിയങ്കരൻ തന്നെയായി. ഏതൊരാൾക്കും പരോപകാരം ചെയ്യാൻ മടിയില്ലാത്ത പാപ്പൻ എല്ലാവർക്കും വിളിപ്പുറത്തുണ്ടെന്നർത്ഥം. 


പാലക്കാടൻ മലയോരങ്ങളിൽ റബ്ബറും തേങ്ങയും മാങ്ങയും ബിസിനസ്സാക്കി, നഷ്ടം പറ്റിയാലും തറവാട്ട് പേര് നിലനിർത്താൻ ശ്രമിക്കുക എന്നൊരു ശീലം പാപ്പനുണ്ടായിരുന്നു. നാട്ടിലെ കൂട്ടുകെട്ടുകൾ കൊണ്ട് ചെയ്യാത്ത കാര്യങ്ങൾ ചെയ്യുന്ന രീതിയിലാണെന്നത് തറവാടിന് മോശം വരുത്തുമോ എന്ന് തോന്നിയപ്പോൾ ബോംബെക്ക് വണ്ടി കയറി. നീണ്ട താടിയും കൊമ്പൻ മീശയും പനംകുല പോലുള്ള തലമുടിയും കൂടി ആയപ്പോൾ ബോംബെ തെരുവോരങ്ങളിൽ സാധാരണക്കാർക്കിടയിൽ ഒരു വില്ലനായി. സിനിമാ ലോകത്തെ മോഹൻലാൽ മമ്മുട്ടി മുതൽ ഇന്ദ്രൻസ് വരെ പരിചയക്കാരനായ പാപ്പന് ബോംബെ നഗരത്തിലും വിലസി നടക്കുന്ന ഒരു നായകനായി മാറി. സിനിമാ ലോകത്തേക്ക് ക്ഷണം കിട്ടിയെങ്കിലും തറവാടിന് മോശം ചെയ്യും എന്ന് കരുതി ആ മേഖലയിലേക്ക് ഇറങ്ങാൻ താൽപര്യപ്പെട്ടില്ലെങ്കിലും വില്ലൻ എന്ന വേഷത്തിൽ വിലസി നടക്കാൻ ബോംബെ നഗരം തെരഞ്ഞെടുത്തത് വലിയൊരു ഊർജ്ജം നൽകി. ഇതിനിടയിൽ വീട്ടുകാരിക്കൊരു കത്ത് വന്നു. ഞാൻ ഗൾഫിലേക്ക് കയറുകയാണെന്നും ഇവിടെ നിന്ന് തന്നെ നല്ലൊരു വിസ കിട്ടിയെന്നും പറഞ്ഞു. ആ പാവം കത്ത് വായിച്ച് കണ്ണീരൊഴുക്കിയെങ്കിലും കുടുംബത്തെ കാര്യങ്ങളോർത്ത്‌ പോയി രക്ഷപ്പെടട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു. 


നാട് വിട്ട പാപ്പൻ വീട്ടിലെ കാര്യങ്ങൾ അന്വേഷിക്കുന്നത് കൊണ്ടും കുടുംബത്തേക്കുള്ള ചിലവിനയക്കുന്നത് കൊണ്ടും ബോംബെയിൽ നിന്നും ദുബായിലേക്ക് പോയിയെന്നും നല്ലൊരു ജോലിയിൽ അകപ്പെട്ടുകാണുമെന്നും വീട്ടുകാർ കരുതി. ബോംബെ നഗരമല്ലേ കാശുണ്ടാക്കാൻ പല പദ്ധതികളും നോക്കിയെങ്കിലും ഒന്നും ശരിയാവാത്തത് കൊണ്ട് ആകെ അങ്കലാപ്പിലായി. പാപ്പനെ കുറിച്ച് സ്ഥിരമായി അന്വേഷിക്കുന്ന ജേഷ്ഠൻ ഗൾഫിലായത് കൊണ്ട് പാപ്പൻ ഗൾഫിലേക്ക് എത്തിയിട്ടില്ലന്ന് എങ്ങനെയോ അറിയാൻ സാധിച്ചു. വീട്ടുകാരെ അറിയിച്ച് വിഷമിപ്പിക്കേണ്ട എന്ന് കരുതി അദ്ദേഹം പാപ്പനെ തേടി ബോംബെയിലേക്ക് വിമാനം കയറി. സൗഹൃദ ബന്ധം ഏറെയുള്ള പാപ്പനെ ബോംബെ നഗരത്തിൽ നിന്നും കണ്ടു പിടിക്കാൻ അധികം സമയം വേണ്ടി വന്നില്ല. തലമുടിയും താടിയും വളർത്തിയ പാപ്പനെ ജേഷ്ഠൻ കണ്ടപ്പോൾ "എന്ത്‌ കൊലമാണെടാ ഇത്" എന്ന് ചോദിച്ചപ്പോൾ മറുപടി പറഞ്ഞത് അതിലേറെ രസകരം. "നമ്മൾ തറവാട്ടുകാരാണ്, ക്ഷത്രിയ രക്തമല്ലേ" എന്നായിരുന്നു. നാട്ടിലുള്ള വാപ്പ കേൾക്കണ്ട എന്നോട് പറഞ്ഞതേതായാലും നന്നായി. വാപ്പ കേട്ടാൽ ഏതാ രക്തമെന്നത് നിന്നെ കൊണ്ട് തന്നെ പറയിപ്പിക്കും എന്നും പറഞ്ഞു. 


ജേഷ്ഠന് കാര്യം മനസ്സിലായി, ഇവനെ ഈ ബോംബെ നഗരത്തിൽ വിട്ട് പോയാൽ ഇവൻ വല്ല അധോലോക നായകനാകും, ഇവനെ ഗൾഫിലേക്ക് കൊണ്ട് പോയെങ്കിലെ നന്നാവൂ എന്നും കരുതി അവനറിയാതെ അവൻക്കുള്ള വിസ തരപ്പെടുത്തി. പെട്ടെന്നൊരു ദിവസം നാളെ ദുബായിലേക്ക് പോകണം എന്ന് പറഞ്ഞപ്പോഴാണ് അവൻ അറിയുന്നത്. അത് കേട്ടപ്പോൾ സമ്മതിച്ചില്ലങ്കിലും വീട്ടിലേക്ക് ഞാൻ വിളിച്ചു പറയണോ.? ഉപ്പയെ ഇങ്ങോട്ട് വരുത്തിക്കണോയെന്നും ജേഷ്ഠൻ ചോദിച്ചപ്പോൾ മനമല്ലാ മനസ്സോടെ അവൻ സമ്മതിച്ചു. അങ്ങനെ മരുഭൂമിയിലെ മരുപ്പച്ച കാണാൻ മുപ്പത്തഞ്ചാം വയസ്സിൽ ദുബായിലേക്ക് വിമാനം കയറി. 


ദുബായിൽ നല്ലൊരു ജോലി തരപ്പെടുത്തി. ഇന്റർവ്യൂവിന് ചെന്നപ്പോൾ തലമുടിയും താടിയും കളഞ്ഞു വരാൻ പറഞ്ഞു. പാപ്പനല്ലേ ആൾ, ജോലി പോയാലും ആ സംഭവം നടക്കില്ല എന്നുറപ്പിച്ചു. വിസയെടുത്ത ജേഷ്ഠൻ ദിവസവും ഓരോന്ന് ഉപദേശിച്ച് കൊടുത്ത് ഒരു നല്ല ജോലിയിൽ അകപ്പെട്ടു. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ഇഗ്ളീഷ്കാരടങ്ങുന്ന കമ്പനിയായത് കൊണ്ട് തരക്കേടില്ലാത്ത ശമ്പളത്തിന് ജോലിയിൽ പ്രവേശിച്ചു. ജോലി മിക്കവാറും ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും ബാക്കി ദിവസം അവധിയുമായത് കൊണ്ട് ഉറങ്ങാനും സുഹൃത്തുക്കളെ കാണാനും കൂടുതൽ സമയം പാപ്പൻ കണ്ടെത്തി. ജേഷ്ഠന്റെ ശകാരം കൊണ്ട് കൃത്യമായി നമസ്ക്കാരവും പ്രാർത്ഥനയുമൊക്കെ ഉണ്ടെങ്കിലും മുടിയും താടിയും വെട്ടാൻ മടി കാണിച്ചു. അവസാനം കമ്പനി മാനേജരുടെ നിർബന്ധപ്രകാരം മുടിയും താടിയുമെല്ലാം ഒതുക്കി വെട്ടി ഒരു മനുഷ്യകോലത്തിലാക്കി. ഇപ്പോൾ കുഴപ്പമില്ല കുറച്ച് മുടി ഉണ്ടെങ്കിലും കാണാൻ വൃത്തിയുണ്ടെന്ന് ജേഷ്ഠനും പറഞ്ഞു. 


ജോലിക്കിടയിലുണ്ടാകുന്ന വഴക്കുകളിൽ മിക്കതിന്റെയും മധ്യസ്ഥക്കാരനായി പാപ്പനുണ്ടാവുന്നത് കൊണ്ട് കമ്പനിയിലുള്ളവർക്ക് തന്നെ വലിയ മതിപ്പാണ്. കൂടെ ജോലി ചെയ്യുന്നവനുമായി വഴക്കുണ്ടായിട്ട് പോലും മാനേജർ അവനെയാണ് അംഗീകരിച്ചത്. കമ്പനി പ്രോഗ്രാം നടക്കുന്ന വിവിധ ജി സി സി രാജ്യങ്ങളിലേക്കെല്ലാം അവനെ കൂടി പറഞ്ഞയക്കുന്നത് കമ്പനിക്ക് വലിയ വിശ്വാസതയായി. അത് കൊണ്ട് തന്നെ ഇടക്കിടക്ക് നാട്ടിലേക്ക് പോകുന്നതിൽ ഒരു ബുദ്ധിമുട്ടും പാപ്പന് ഉണ്ടായിരുന്നില്ല എന്നല്ല, അതൊരു പതിവാക്കുക തന്നെ ചെയ്തു. ഇന്ന് ദുബായിലാണെങ്കിൽ നാളെ ഖത്തറിൽ, പിറ്റേ ദിവസം ബഹ്‌റൈനിൽ അങ്ങനെ പ്രവാസ ലോകത്തും അവന് സുഹൃത്തുക്കൾ ഒരുപാടായി.


കാശും പത്രാസും അത്യാവശ്യമായപ്പോൾ നാട്ടുകാർക്ക് പാപ്പനെ വലിയ കാര്യമായി. നാട്ടിൽ അവധിക്ക് പോകുമ്പോൾ അവർക്ക് കൊടുക്കുന്ന ഒരു സ്പ്രേ കുപ്പിയാണെങ്കിൽ പോലും അവർ പാപ്പനെ നെഞ്ചോട് ചേർത്ത് വെക്കും. നാട്ടിൽ ചെല്ലുന്നുണ്ടെന്നറിഞ്ഞാൽ

മംഗലാംകുന്ന് ഗജവീരനെ പോലെ പയ്യനാട് പാപ്പൻ വരുന്നു എന്ന് കേട്ടാൽ തറവാട്ടിലുള്ളവർക്ക് ആവേശമായിരുന്നു. തറവാട്ടിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് പാപ്പനും പാപ്പന്റെ ശിങ്കിടികളുമാണ്. സ്വഭാവ ഗുണം കൊണ്ട് പാപ്പന്റെ പ്രിയപ്പെട്ടവൾ കൂടെ കൂടിയെങ്കിലും ചില സമയങ്ങളിൽ രണ്ടും കൂടി അടികൂടാറ് പതിവായി. തറവാട്ടിന് ദോശം ചെയ്യാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ പാപ്പൻ ഒരു കിലോമീറ്റർ മാത്രം ദൂരം അപ്പുറത്ത് നിന്നും കൊണ്ട് വന്ന പ്രിയതമക്ക് അവൻ പ്രിയപ്പെട്ടവനായി. 

ഒരാൺകുട്ടിയും ഒരു പെൺകുട്ടിയുമുള്ള പാപ്പൻ ലീവിന് നാട്ടിൽ ചെന്നാൽ അവരുടെ സന്തോഷങ്ങളിൽ പങ്കു ചേരും. കെട്യോളേയും കുട്ടികളേയും കൂട്ടി വിനോദ സഞ്ചാരങ്ങൾ പതിവാക്കി. കടിഞ്ഞാൺ കെട്യോളുടെ കയ്യിലായത് കൊണ്ട് വൈകുന്നേരങ്ങളിൽ നേരത്തെ തന്നെ വീട്ടിൽ എത്തുന്നതും ശീലമായി. നേരം വൈകി കഴിഞ്ഞാൽ "മുത്തേ" നീ ഇന്ന് എങ്ങോട്ടാടാ പോയിയെന്ന ചോദ്യം ഉപ്പയിൽ നിന്നുണ്ടാകുന്നത് കൊണ്ട് ചെറിയ കുട്ടികളെ പോലെ സമയത്തിന് വീട്ടിലെത്തുന്നതും ശീലമാക്കി.


വീട്ടിൽ പൂച്ചയാണെങ്കിലും പുറത്ത് പുലിയാണെന്ന് നാട്ടുകാർക്കറിയുന്നത് കൊണ്ട് എല്ലാവരും എല്ലാ കാര്യങ്ങൾക്കും പാപ്പനെ ക്ഷണിക്കുകയും ചെയ്യും. വൈകുന്നേരങ്ങളിൽ റോഡ് സൈഡിലെ കഴുങ്ങിലുണ്ടാക്കിയ ബസ്സ്റ്റോപ്പിൽ എല്ലാവരും കൂടി ഒത്തുകൂടും. നാട് വിട്ടാലും നാട്ടിലുള്ള കൂട്ടുകാരുമായി എന്നും ബന്ധമുള്ളത് കൊണ്ട് തിരിച്ച് അവരും ആ സ്നേഹം പാപ്പന് കൊടുക്കുന്നുമുണ്ട്. ഇതൊന്നും ഇഷ്ടപ്പെടാത്ത കെട്യോളുടെ വിളി വന്നാൽ നേരെ വീട്ടിലേക്ക് പോവുകയും ചെയ്യും.


കഴുത്തിലൊരു വെള്ളിചെയിനും, കയ്യിന്മേലൊരു സ്റ്റീൽ വളയും, മോതിര വിരലിലൊരു കല്ല് വെച്ച മോതിരവും ജീൻസ് ഫാൻറ്റും ബട്ടൻസ് അഴിച്ചു വെച്ച് ബനിയനും കാട്ടി കറുത്ത ബുള്ളറ്റിൽ വരുന്ന പാപ്പനെ കണ്ടാൽ എല്ലാവരും ഒന്ന് എണീറ്റ് പോകും. മനസ്സിൽ സ്നേഹമാണെങ്കിലും പുറത്തേക്ക് ഒരു വില്ലനെ പോലെ നാട്ടിലവൻ വിലസി നടന്നു. പള്ളിയിലേക്ക് നമസ്കരിക്കാൻ പോയാൽ ഉപ്പയോട് പലരും പറയും അവനോട് ആ മുടി ഒന്ന് വെട്ടാൻ പറയ് എന്ന്. ഉപ്പ വീട്ടിലെത്തിയാൽ അവനോട് പറഞ്ഞാൽ അവരവിടെ പറഞ്ഞോട്ടെ നമ്മൾ അവരുടെ ചിലവിലല്ലല്ലോ ജീവിക്കുന്നതെന്നും പറയും. ഒരിക്കൽ പള്ളിയിൽ വാപ്പയും മകനും കൂടി ചെന്നപ്പോൾ ഇമാമായി നിൽക്കാൻ ആളില്ല. ആ സമയത്ത് ഞാൻ നിന്നോളാമെന്ന് പറഞ്ഞത് പാപ്പൻ. ഉടനെ തന്നെ തൊട്ട അപ്പുറത്തുള്ള പ്രായമായ ഒരാൾ വെളിച്ചപ്പാടിനെയാണോ ഇമാമായി നിർത്തുന്നത് എന്ന്. വീട്ടിലെത്തിയപ്പോൾ ഉപ്പാടെ കുറെ ശകാരം. അങ്ങനെ ഇടക്കിടക്ക് ചീത്ത കേൾക്കണമെന്ന് കെട്യോളും. അപ്പോഴും പറഞ്ഞു നമ്മൾ "തറവാട്ടുകാരാണ് ക്ഷത്രിയ രക്തമാണ്" എന്ന്. ഇത് പറഞ്ഞു കഴിഞ്ഞാൽ പിന്നെ ആരും ഒന്നും പറയില്ല. ജേഷ്ഠനും അനിയന്മാരുമടക്കം നാല് കുടുംബങ്ങൾ ഓരോ പറമ്പിൽ വീട് വെച്ച് താമസിക്കുമ്പോഴും എല്ലാവരും ഒരുമിച്ച് തറവാട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലത്തിന് കുറവൊന്നുമുണ്ടായിട്ടില്ല.


ബോംബെ നഗരം കിടുകിടെ വിറപ്പിച്ച പയ്യനാട് പാപ്പൻ ചിലർക്ക് വേണ്ടി മധ്യസ്ഥക്കും പോകുന്നത് ശീലമാണ്. ഒരു ദിവസം ഒരു സുഹൃത്ത് അത്യാവശ്യമായി പരപ്പനങ്ങാടിയൊന്ന് പോകണമെന്ന് പറഞ്ഞു. അവർ നാല് പേരും പിന്നെ പാപ്പനും കൂടി പുറപ്പെട്ടു. എന്തിനാ പോകുന്നത് എന്നറിയാതെ യാണ് പാപ്പൻ ജീപ്പിൽ കയറിയത്. ജീപ്പിൽ കയറുന്നതിന്റെ മുന്നെ പരപ്പനങ്ങാടിയിലേക്കെല്ലേ പോകുന്നത്, തിരിച്ചു പോരുമ്പോൾ നല്ല മീനും കൊണ്ട് വരാമെന്ന് കരുതി അവർക്കൊപ്പം ജീപ്പിന്റെ മുന്നിൽ തന്നെ കയറി. മനുഷ്യാ ഈ വൈകുന്നേരം നിങ്ങൾ എങ്ങോട്ടാണ് മാറ്റി പോകുന്നതെന്ന് കെട്യോൾ ചോദിച്ചപ്പോൾ ഞാൻ കുറച്ച് മീൻ വാങ്ങാനാണെന്നും, മുളകിട്ട് വെക്കാം മസാല റെഡിയാക്കി കാത്തിരുന്നോ എന്നും പറഞ്ഞ് പാപ്പൻ അവർക്കൊപ്പം പോയി. ആ പാവം പറഞ്ഞത് ശരിയാകും എന്ന് കരുതി മറ്റൊന്നും ഉണ്ടാക്കാതെ മസാല ഉണ്ടാക്കി കാത്തിരുന്നു.


പരപ്പനങ്ങാടിയിലെത്തിയ ഇവർ അവിടെ നിന്ന് ഒരാളുടെ കയ്യിൽ നിന്ന് കാശ് കിട്ടാനുള്ളതും മുമ്പൊരു വഴക്ക് നടന്നതും പാപ്പന് അറിയില്ലായിരുന്നു. ഏതായാലും അവരുടെ വീട്ടിൽ എത്തുന്നതിന്റെ മുന്നെ കാര്യങ്ങൾ സുഹൃത്തിനോട് ചോദിച്ചപ്പോൾ സാമ്പത്തിക ഇടപാടാണെന്ന് മനസ്സിലായി. അതൊന്നും നമുക്ക് പ്രശ്നമല്ല, കാശ് വാങ്ങിയിട്ടേ നമ്മൾ മടങ്ങൂ എന്നും പറഞ്ഞപ്പോൾ സുഹൃത്തിന് ആശ്വാസമായി. അവരുടെ വീട് കടലിന്റെ ഏകദേശം അടുത്ത പ്രദേശമായത് കൊണ്ട് മീൻ പിടുത്തക്കാർ കുറെ പേര് താമസിക്കുന്ന ഏരിയയിലായിരുന്നു. മധ്യസ്ഥക്ക് ചെന്നവർ അവരെ വിളിച്ചു കാര്യം തിരക്കി. കാശ് കുറച്ചു ദിവസത്തിനുള്ളിൽ അവിടെ എത്തിക്കാമെന്ന് അറിയിച്ചതായിരുന്നല്ലോ യെന്ന് കൊടുക്കാനുള്ള ആൾ പറഞ്ഞു. ലുങ്കി തുണിയും ബനിയനുമിട്ട പങ്കായം കയ്യിൽ പിടിച്ച് കടലിൽ നിന്ന് പണി കഴിഞ്ഞ് കയറി വരുന്ന രണ്ട് മൂന്ന് പേർ കൂടി ആയപ്പോൾ പാപ്പന് അരിശം മൂത്തു. ഞങ്ങൾ ഇന്ന് വന്നത് ആ കാശുമായി തിരിച്ചു പോകാനാണ്, കയ്യിൽ കിടക്കുന്ന വളയൊന്ന് കുടഞ്ഞു കൊണ്ട് പാപ്പൻ പറഞ്ഞപ്പോൾ അവർക്ക് സംഗതി മനസ്സിലായി. കടലിൽ നിന്നും കയറി വന്നവൻ പാപ്പനോട്.. അത് ചോദിക്കാൻ തനാരാ.. പാപ്പനൊന്നും ആലോച്ചില്ല വളയുള്ള കൈകൊണ്ട് കൊടുത്തു അവന്റെ മുഖത്തേക്കൊന്ന്. കിട്ടിയതും അയാൾ തല ചുറ്റി വീണു. പിന്നെ അവിടെ എന്തേ നടന്നതെന്ന് പാപ്പന് ഓർമ്മയില്ല. ഓർമ്മ വന്നപ്പോൾ ജീപ്പിന്റെ പിൻ സീറ്റിൽ കിടക്കുന്നതാണ്. കിട്ടിയതോ പങ്കായം കൊണ്ട് തലങ്ങും വിലങ്ങും അവർ ചിത്രം വരച്ചു. കൂടെ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. കുറച്ച് കഴിഞ്ഞ് തല്ലിയവരൊക്കെ പോയപ്പോൾ കൂടെ ഉള്ളവർ ചെന്ന് കണ്ടത് പാപ്പൻ കടപ്പുറത്ത് വലിച്ചിട്ട സ്രാവ് പോലെ കമഴ്ന്നു കിടക്കുന്നു. എല്ലാരും കൂടി വാരി വലിച്ചു വണ്ടിയിലിട്ട് പോരുമ്പോഴാണ് പാപ്പന് ഓർമ്മ വന്നത്. ഓർമ്മ വന്നപ്പോൾ എന്തേ ഉണ്ടായി എന്ന് ചോദിച്ചു.. കൂട്ടത്തിലൊരാൾ തറവാട്ടുകാരന്റെ നെഞ്ചത്ത് പങ്കായം വീണതാ. തിരിഞ്ഞു നോക്കുമ്പോൾ ഇട്ട ഡ്രസ്സെല്ലാം കീറിപറിഞ്ഞ് ശരീരമാസകലം നീറുന്ന രീതി. വണ്ടിയുടെ സീറ്റിലിരുന്നപ്പോൾ ചാരിയിരിക്കാൻ വയ്യാത്ത അവസ്ഥ. അവരെന്തിനാ ഇങ്ങിനെ എന്നെ തല്ലിയത് എന്ന് ചോദിച്ചപ്പോൾ കൊണ്ട് പോയവൻ പറഞ്ഞ മറുപടിയോ.. തലക്ക് തല്ലാഞ്ഞത് നന്നായി.. തലക്ക് തല്ലിയിരുന്നെങ്കിൽ തലയോട് തന്നെ പൊട്ടിയിരുന്നു. അത് നമ്മുടെ ഭാഗ്യമായി... ചാരി ഇരിക്കാൻ കഴിയാത്തവനോടാണ് തലക്ക് കൂടി കിട്ടാഞ്ഞത് ഭാഗ്യമായെന്ന് പറയുന്നതെന്ന് നോക്കണം. 


തിരിച്ചു വീട്ടിലെത്തിയപ്പോഴോ, മീൻ കൊണ്ട് വന്നോയെന്ന് ഭാര്യ., മീൻ കിട്ടിയില്ലന്ന് പറഞ്ഞു നേരെ റൂമിൽ കയറി ഡ്രസ്സ് മാറ്റി, വീണ്ടും ഭാര്യ.. കുളിക്കുന്നില്ലേയെന്ന്.. ഇന്ന് കുളിയില്ല എന്നും പറഞ്ഞു. സത്യത്തിൽ ഇയാൾക്ക് ഇത് എന്തേ പറ്റി എന്നറിയാതെ ആകെ മുഷിഞ്ഞ ഡ്രസ്സ് കണ്ട്, വിയർപ്പ് മണക്കുന്ന ആളെ പിടിച്ചു വലിച്ചു കുളിമുറിയിൽ കയറ്റി. കുളിക്കാൻ തുടങ്ങിയപ്പോൾ സോപ്പ് തേക്കുന്നില്ലേയെന്ന് ഭാര്യ. ഇല്ല എന്ന് വീണ്ടും. എന്തേ നിങ്ങൾക്ക് പറ്റി മനുഷ്യാ എന്ന് ചോദിച്ചപ്പോൾ നീ മീനിനുള്ള മസാല തേച്ചു വെച്ചിട്ടുണ്ടോ.. ആ വെച്ചു.. എങ്കിലേ ആ മസാല എന്റെ പുറത്തങ്ങോട്ട് തേച്ചോ.. വരിഞ്ഞ പുറം കാണിച്ചു കൊടുത്തപ്പോൾ ബാക്കിയുള്ളത് ഭാര്യയുടെ വകയും കൂടി കിട്ടി. കിട്ടിയത് മുഴുവൻ വാങ്ങി കൂട്ടി ഒരു മുക്കിലായപ്പോൾ തറവാട്ടുകാരുടെ മഹിമ ഇങ്ങനെയല്ലന്ന് മോൾ. ക്ഷത്രിയ രക്തം പരപ്പനങ്ങാടി കടപ്പുറത്ത് ഒഴുക്കിയല്ലെയെന്ന് ഉപ്പ. ഈ കിട്ടിയതൊന്നും പോര അവരുടെ കുത്തു വാക്കും കൂടി ആയപ്പോൾ ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചു. അതാ നല്ലതെന്ന് മോനും. പെട്ടെന്ന് കയറിക്കോളിൻ അല്ലങ്കിൽ അവർ ഇനി ഇങ്ങോട്ടും തെരഞ്ഞു വരുമെന്ന് അവനും കൂടി പറഞ്ഞപ്പോൾ തറവാട്ട് മഹിമ നോക്കാതെ വീണ്ടും വിമാനം കയറി. 


ദുബായിലെത്തിയപ്പോൾ കൂട്ടുകാരുടെ ചോദ്യം.. എന്തെ പെട്ടെന്ന് പോന്നത്. ഒന്നും പറയണ്ട ഒരു മധ്യസ്ഥക്ക് പോയതാ.. ആ പോക്ക് നേരെ ഇങ്ങോട്ട് പോരേണ്ടി വന്നു. 

നാട്ടിലെത്തിയാൽ കൂടെ നടന്ന കൂട്ടുകാരും ഇല്ല, മധ്യസ്ഥക്ക് കൊണ്ട് പോയോനും ഇല്ല. ഇതോട് കൂടി ആ പണി നിർത്തി. പുറത്ത് വീണ പങ്കായത്തിന്റെ അടയാളം മാറണമെങ്കിൽ ഇവിടെ വന്ന് റെസ്റ്റ് എടുത്തേ മതിയാകൂ എന്ന് പാപ്പന് തോന്നി. കുറേശ്ശെ എണീറ്റ് നടക്കാനായപ്പോൾ പണിക്ക് പോകാനും തുടങ്ങി. രണ്ട് മാസം കൂടുമ്പോൾ നാട്ടിൽ പോകുന്ന ആളിപ്പോൾ ഒരു വർഷം കഴിഞ്ഞിട്ടും നാട്ടിലേക്ക് പോകാൻ ആഗ്രഹമില്ല. നാട്ടിലേക്ക് പോകാത്തതെന്തേയെന്ന് കൂട്ടുകാർ ചോദിച്ചാൽ കടൽ കടന്നാൽ പങ്കായം കൊണ്ട് ആരെങ്കിലും കാത്ത് നിൽക്കുമോ എന്നറിയില്ല. അതാണ് ഇപ്പോഴുള്ള സംശയം.


പ്രവാസ ലോകത്തെ കുറെ നല്ല സുഹൃത്തുക്കൾ പാപ്പൻ എല്ലാവർക്കും ഒരു മാതൃകയാണെന്ന് ഇടക്കിടക്ക് വിളിച്ചു പറയുമ്പോഴും ഉള്ളിലൊരു ഭയപ്പാടോടെയാണെങ്കിലും പാപ്പൻ ചങ്കുറപ്പോടെ പറയും "നമ്മൾ തറാവട്ടുകാരല്ലേ, ക്ഷത്രിയ രക്തമല്ലേ" എന്ന്..


ഒന്നുറപ്പിക്കാം ഏത് മധ്യസ്ഥക്കും കൊണ്ട് പോകാൻ പറ്റിയ ആൾ എന്ന നിലക്ക് പയ്യനാട് പാപ്പൻ പേര് കേട്ട മാധ്യസ്ഥനായി. അടുത്ത ലീവിന് നാട്ടിൽ പോകുമ്പോൾ യാത്രയാക്കാൻ കൂട്ടുകാരും, കാത്തിരിക്കാൻ വീട്ടുകാരും, സ്വീകരിക്കാൻ നാട്ടിലുള്ള സുഹൃത്തുക്കളും ഉണ്ടാവുന്നത് കൊണ്ട് തിരിച്ച് വീണ്ടും ദുബായിലെത്തിയാലും പയ്യനാട് പാപ്പന്റെ വിശേഷങ്ങൾ പറയാൻ ഒട്ടനവധി കാര്യങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കാം..!

( തുടരും)

✍️✍️✍️

മുജീബ് തൃത്താല - ജിദ്ദ

Below Post Ad