ബക്കറ്റിലെ വെള്ളത്തില്‍ വീണ് 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം


 

മുത്തശ്ശി മരിച്ചതിനു തൊട്ടടുത്ത ദിവസം 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു.

 ഏഴാംമൈല്‍ കായലടുക്കത്തെ എ.അബ്ദുള്‍ ജബ്ബാര്‍-റസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് റിസ്വാനാണ് മരിച്ചത്.

ഇന്നു രാവിലെ എട്ടരയോടെയാണ് അപകടം. ഉമ്മ റസീന അടുക്കളയില്‍ ഭക്ഷണം പാകംചെയ്യുകയായിരുന്നു. ഇതിനിടയിലാണ് ബക്കറ്റിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി ബക്കറ്റിലെ വെള്ളത്തിലേക്കു വീണത്. 

വീട്ടുകാര്‍ കാണുമ്പോഴേക്കും കുട്ടി അവശനിലയിലായിരുന്നു. ഉടന്‍ മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും അപ്പോഴേക്കും മരിച്ചു.

റിസ്വാന്റെ മുത്തശ്ശി ആയിഷ(73) ഇന്നലെ പുലർച്ചെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. 



റിസ്വാന്റെ മൃതദേഹം അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസർകോട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഏക സഹോദരന്‍ നാലുവയസുള്ള മുഹമ്മദ് റിയാന്‍.

Below Post Ad