തണ്ണീർക്കോട് യു.പി സ്കൂളിന് മുൻവശത്ത് നിയന്ത്രണം വിട്ട കാറിടിച്ച് കാൽനട യാത്രക്കാരനായ വയോധികൻ മരിച്ചു.പട്ടിശ്ശേരി സ്വദേശി ഈച്ചരത്ത് വളപ്പിൽ ആലി മുഹമ്മദ് (കുഞ്ഞിപ്പ -70) യാണ് മരണപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. തണ്ണീർക്കോട് യു.പി സ്കൂളിന് എതിർ വശമുള്ള റോഡ് സൈഡിലൂടെ നടന്നുവരികയായിരുന്ന വയോധികനെ ആഡംബര വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആദ്യം എടപ്പാളിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 9 മണിയോടെ മരണപ്പെടുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പട്ടിശ്ശേരി പള്ളിയില്‍ ഖബറടക്കി.
അതേസമയം നിർത്താതെ പോയ കാറിനെ സാഹസികമായി പിന്തുടർന്ന് യുവാക്കൾ വാഹനത്തിൻ്റെ നമ്പർ മൊബൈലിൽ പകർത്തി പോലീസിന് കൈമാറി. പടിഞ്ഞാറങ്ങാടി സ്വദേശിയുടേതാണ് കാറെന്ന് കണ്ടെത്തി ചാലിശ്ശേരി പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു.
ഭാര്യ: സൈനബ. മകൻ: റാഫിക്ക്. മരുമകള്‍: റസീന.